സ്വന്തം ലേഖകൻ: രാജ്യം ദേശീയ ദിനാഘോഷത്തിന്റെ മെറൂൺ അലങ്കാരങ്ങളിലേക്ക്. ഖത്തറിന്റെ ദേശീയദിന പരിപാടികളുടെ വിളംബരമായി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച ദർബ് അൽ സാഇയിൽ കൊടിയേറ്റം.
ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷങ്ങൾ സജീവമാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേഖലയിലാണ് പൊതുജനങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നത്.
ഖത്തറിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികളും പ്രദർശനങ്ങളും മുതൽ വിവിധ ഷോകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയുമായി നിറപ്പകിട്ടാർന്ന ദേശീയദിന ഉത്സവത്തിനാണ് ഇത്തവണ ദർബ് അൽ സാഇ ഒരുങ്ങുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ആഘോഷിക്കാനുള്ള വൈവിധ്യങ്ങളും ഒരുക്കും. കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളും വിനോദ പരിപാടികളും ശ്രദ്ധേയമാണ്. 15 പ്രധാന ആഘോഷങ്ങൾ ഉൾപ്പെടെ ഒമ്പതു ദിവസങ്ങളിലായി 104ലേറെ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 80ലേറെ ഷോപ്പുകൾ, 30 റസ്റ്റാറന്റ്, അഞ്ചോളം നാടൻ കായിക പരിപാടികൾ എന്നിവാണ് ഇത്തവണത്തെ ആകർഷണം
ഡിസംബർ 18ന് നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേയ്സ്. എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചത്.
പ്രമോഷൻ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ തുടരും. ഈ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് മാത്രമാണ് പ്രത്യേക ഇളവ് ലഭിക്കുക. ദേശീയ ദിന ഓഫറിന്റെ ഭാഗമായുള്ള ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26 നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്തിരിക്കണം.
ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വ്യവസ്ഥകളും അറിയാൻ ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഖത്തർ ദേശീയ വിമാന കമ്പനി എന്ന നിലയിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ഇളവ് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവെയ്സ് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല