സ്വന്തം ലേഖകൻ: പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ തുടങ്ങിയ ആക്രമണം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 480 ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്.
വിമാനവേധ ആയുധങ്ങള്‍, മിസൈല്‍ ഡിപ്പോകള്‍, വ്യോമതാവളങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. സിറിയയിലെ ദമാസ്‌കസ്, ഹോംസ്, ലതാകിയ തുടങ്ങിയ നഗരങ്ങളിലാണ് കനത്ത ആക്രമണം നടന്നത്.
സുരക്ഷയ്ക്കായാണ് സിറിയയുടെ ആയുധശേഖരവും കപ്പലുകളും തകര്‍ത്തതെന്നാണ് ഇസ്രയേല്‍ പറയുന്നത്. നാവികസേന നടത്തിയ ആക്രമണത്തില്‍ സിറിയന്‍ നാവികസേനയുടെ 15 കപ്പലുകള്‍ തകര്‍ന്നു. അതേസമയം സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലേക്ക് നീങ്ങുകയാണ് എന്ന വാര്‍ത്ത ഇസ്രയേല്‍ സൈന്യം നിഷേധിച്ചു.
സിറിയയില്‍ നടത്തിയ ആക്രമണങ്ങളുടെ വീഡിയോകള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. ആയുധകേന്ദ്രങ്ങളും കപ്പലുകളും ഉള്‍പ്പെടെ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭീകരവാദത്തെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ, പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ തകര്‍ച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
‘സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങള്‍ നല്‍കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാന്‍ മുമ്പ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങള്‍ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സിറിയന്‍ യുദ്ധ കപ്പലുകള്‍ തകര്‍ക്കാനുള്ള ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല