സ്വന്തം ലേഖകൻ: അന്ന് വൈകുന്നേരം ഏഴ് മണിയോടെ സിറിയന്‍ ഹെലികോപ്റ്റര്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് മുകളിലേക്കാണ് മഞ്ഞ സിലിണ്ടറുകള്‍ ഇട്ടത്. അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നീട് കണ്ടത് നാലുപാടുമോടുന്ന ആളുകളെയാണ്. അവരുടെ വായില്‍ നിന്ന് മഞ്ഞപ്പുക വരുന്നുണ്ടായിരുന്നു.
ചിലര്‍ ക്ഷണനേരം കൊണ്ട് തെരുവില്‍ മരിച്ചുവീണു. മറ്റ് ചിലര്‍ ശ്വാസം കിട്ടാതെ മരണത്തെ മുന്നില്‍ കണ്ട് താഴെ വീണ് പിടഞ്ഞു- സിറിയയിലെ അസദ് ഭരണകൂടം 2018 ഏപ്രില്‍ ഏഴിന് സ്വന്തം ജനങ്ങള്‍ക്ക് നേരെ ഉപയോഗിച്ച രാസായുധ പ്രയോഗത്തെ ഓര്‍ത്തെടുക്കുകയാണ് അതിക്രമത്തിന്റെ ഇരയും സാക്ഷിയുമായ തൗഫീഖ് ദയാം.
രാസായുധ പ്രയോഗത്തെ സിറിയ അംഗീകരിക്കാത്തതുകൊണ്ടുതന്നെ ഇതിനേപ്പറ്റി മിണ്ടുന്നതുപോലും കുറ്റമായിരുന്നു. അന്ന് നടന്നത് രാസായുധ പ്രയോഗമാണെന്ന് പറഞ്ഞാല്‍ അസദ് സര്‍ക്കാര്‍ എന്റെ കഴുത്ത് വെട്ടുമായിരുന്നു, എന്റെ നാവ് പിഴുതെടുക്കുമായിരുന്നു. അതിക്രമത്തേപ്പറ്റി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല, തൗഫീഖ് ദയാം ബി.ബി.സിയോട് പറഞ്ഞു.
തൗഫീഖിന്റെ ഭാര്യയും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ള നാല് കുട്ടികളുമാണ് അന്നത്തെ ആക്രമണത്തില്‍ മരിച്ചത്. മരണത്തിന്റെ വക്കിലായിരുന്നു താനെന്നും പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ജീവന്‍ തിരിച്ചുകിട്ടയതെന്നും തൗഫീഖ് ചൂണ്ടിക്കാട്ടുന്നു. അന്ന് ഈ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ചോ പത്തോ ആളുകള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റെല്ലാവരും പിടഞ്ഞു മരിച്ചെന്നും ഡമാസ്‌കസിലെ ഈസ്റ്റേണ്‍ ഗൗട്ടയിലെ കെട്ടിടത്തെ ചൂണ്ടിക്കാട്ടി തൗഫീഖ് പറയുന്നു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ അസദ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഈസ്റ്റേണ്‍ ഗൗട്ടയിലായിരുന്നു തൗഫീഖും താമസിച്ചിരുന്നത്. ആഭ്യന്തര യുദ്ധകാലത്ത് ജെയ്ഷ് അല്‍ ഇസ്ലാമിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇവിടം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അസദ് ആളുകള്‍ക്കുനേരെ രാസായുധ പ്രയോഗം നടത്തിയത്. ഇന്ന് ഈസ്‌റ്റേണ്‍ ഗൗട്ടയിലെ ഒരു കെട്ടിടം പോലും ആഭ്യന്തര യുദ്ധത്തിന്റെ പാടുകളേല്‍ക്കാതെ ബാക്കിയില്ല. ചില കൂറ്റന്‍ കെട്ടിടങ്ങള്‍ സമ്പൂര്‍ണമായി തകര്‍ന്ന് നാമാവശേഷമായി. മറ്റ് ചിലത് എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്നു.
ജനീവ പ്രോട്ടോക്കോള്‍ പ്രകാരം രാസായുധ ആക്രമണത്തിന് നിരോധനമുണ്ടെങ്കിലും അസദ് സര്‍ക്കാര്‍ ഇത് ജനങ്ങള്‍ക്ക് മേല്‍ തരാതരം പ്രയോഗിക്കുകയായിരുന്നു. പക്ഷെ, ഒരാളുടെ ശബ്ദംപോലും പുറത്തുവരാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. ഇത് തൗഫീഖിന്റെ മാത്രം കഥയല്ല, ഈസ്റ്റേണ്‍ ഗൗട്ടയിലെ ഓരോ കുടുംബത്തിനും അവരുടെ സ്വന്തക്കാരെ കുഞ്ഞുമക്കളെയടക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
പ്രസവിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഭാര്യയെ നഷ്ടപ്പെട്ട ഖാലിദ് നാസറിനും പറയാനുള്ളത് അസദിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ചാണ്. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ, രണ്ട് വയസ്സുകാരന്‍ മകന്‍, ഒരു വയസ്സുകാരി മകള്‍ എന്നിവരെയെല്ലാം ഖാലിദിനും നഷ്ടമായി. സ്വന്തം ജനങ്ങള്‍ക്കുനേരെ രാസായുധ പ്രയോഗം നടത്തിയ അസദ് നുണയനും ചൂഷകനുമായിരുന്നുവെന്നും ഖാലിദ് നാസര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല