സ്വന്തം ലേഖകൻ: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുകളുംസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള ബില്‍ ശീതകാല സമ്മേളനത്തിലോ അടുത്ത വര്‍ഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി സര്‍ക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി, നിലവിലെ സര്‍ക്കാര്‍ കാലയളവ് അവസാനിക്കും മുന്‍പുതന്നെ ബില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമായിരുന്നു.
ലോക്സഭാ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിനായി രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഒരേസമയം വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റി 2024 മാര്‍ച്ചില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ലോക്സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു ഉന്നതതല സമിതിയുടെ നിര്‍ദേശം. തുടര്‍ന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഉന്നതതല സമിതി 18 ഭരണഘടനാ ഭേദഗതികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളവയല്ല. ഒറ്റ വോട്ടര്‍പട്ടിക, ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ സംബന്ധിച്ചുള്ള നിര്‍ദേശിച്ച മാറ്റങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ അംഗീകാരം വേണം. ഇതെല്ലാം സംബന്ധിച്ചുള്ള നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല