1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2024

സ്വന്തം ലേഖകൻ: സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്.

തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്‌. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരുന്നു.

ആസിഫലിയെ നായകനാക്കി 2013ല്‍ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്ത ബാലചന്ദ്രകുമാറിനെ ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് നടന്നില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതിനുപിന്നാലെ തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട്‌ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം. കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ആറര മണിക്കൂര്‍ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തലില്‍ ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ മരണം വരെ തന്റെ നിലപാടില്‍ ഉറച്ചുനിന്നു അദ്ദേഹം.

ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.