സ്വന്തം ലേഖകൻ: ബഹിരാകാശപര്യവേക്ഷണം, ബയോടെക്നോളജി, സമുദ്രവിഭവവികസനം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ്.
ആഗോള സാങ്കേതികരംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും. 2040-ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗഗന്യാന് പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ അമേരിക്കയും ചൈനയും മാത്രമാണ് സ്വന്തമായി ബഹിരാകാശനിലയങ്ങളുള്ള രാജ്യങ്ങള്‍.
ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങള്‍ക്കൊപ്പം സമുദ്രപര്യവേക്ഷണം ലക്ഷ്യമിട്ടുള്ള ആഴക്കടല്‍ ദൗത്യത്തിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല