സ്വന്തം ലേഖകൻ: ഇറാനും അത് നേതൃത്വം നൽകുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി സംഘങ്ങൾക്കും റഷ്യക്കും ഏറ്റ തിരിച്ചടിയാണ് അസദിന്റെ പതനം. ഇവരായിരുന്നു അസദിന്റെ താങ്ങ്. ‘‘സിറിയക്കെതിരേ നടന്നത് ആഴമേറിയ ഗൂഢാലോചനയാണ്.’’ -പതിറ്റാണ്ടിലധികം കാലം സൗദിയിലും, യു.എ. ഇ.യിലും ഇന്ത്യൻ സ്ഥാനപതിയായിരുന്ന തൽമീസ് അഹമ്മദ് പറയുന്നു.
‘‘തുർക്കിയും ഇസ്രയേലും അമേരിക്കയും ചേർന്നാണ് അസദിനെ കെട്ടുകെട്ടിച്ചത്. തുർക്കിക്കുവേണ്ടത് അസദിനെ പുറത്താക്കലായിരുന്നു. ഇസ്രയേലിന്റെ ആവശ്യം ഇറാനെ ദുർബലപ്പെടുത്തുകയും. അമേരിക്കയ്ക്ക് കിട്ടിയത് ഒരു വെടിക്കു രണ്ട് പക്ഷികളെയാണ്. സിറിയയിലെ റഷ്യൻ സാന്നിധ്യം ഇല്ലാതാക്കി.
ഇറാന്റെ പശ്ചിമേഷ്യയിലെ ആധിപത്യത്തിന് തടയിടാനും സാധിച്ചു.’’ 2011-ലെ അറബ് വസന്തക്കാറ്റും അതേത്തുടർന്നുണ്ടായ ആഭ്യന്തരയുദ്ധങ്ങളും സിറിയയിലാകെ ആഞ്ഞടിച്ചപ്പോൾ ബഷീറുൽ അസദിന് താങ്ങായിനിന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും റഷ്യയും. ആയിരങ്ങളാണ് അന്നവിടെ കൊല്ലപ്പെട്ടത്. ദശലക്ഷങ്ങൾ നാടുവിട്ടോടി. അന്നൊന്നും അടിപതറാതെ അരനൂറ്റാണ്ടോളം സിറിയ ഭരിച്ച കുടുംബമാണ് അസദിന്റേത്.
എന്നിട്ടും ഇപ്പോൾ ഇതെല്ലാം എങ്ങനെ സംഭവിച്ചു? ഉത്തരം ലളിതമാണ്. ഒന്ന്. അസദിന്റെ പട്ടാളം നിലയുപേക്ഷിച്ചോടി. പലരും നിരുപാധികം കീഴടങ്ങി. രണ്ട്. ഇസ്രയേലുമായി ഏറ്റുമുട്ടി തളർന്ന ഇറാനും യുക്രൈനുമായി യുദ്ധംതുടരുന്ന റഷ്യയും സ്വന്തംകാര്യം നോക്കി. അപ്പോഴും റഷ്യ പക്ഷേ, അസദിനെ കൈവിട്ടില്ല. അഭയം കൊടുത്തു.
തൽമീസ് അഹമ്മദ് മറ്റൊന്നുകൂടി ചൂണ്ടിക്കാട്ടുന്നു: ‘‘ഇപ്പോൾ സിറിയയിൽ നടന്ന അട്ടിമറി ഈ മേഖലയിലെ ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കും. ഇസ്രയേലാവും ഇതിന്റെ ഒരു വലിയ ഗുണഭോക്താവ്. കൊടുംഭീകരനാണ് ജൊലാനി. ഒരു കാലത്ത് ഐസിസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ വലംെെകയായിരുന്നു അദ്ദേഹം.
സിറിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പരസ്പരം പോരടിച്ചുനിന്ന ഒട്ടേറെ സംഘങ്ങളിലൊന്നാണ് ഹയാത് തഹ്‌രിക് അൽഷം. അതിന്റെ നേതാവ്. എന്നാൽ, വളരെ പെട്ടെന്നാണ് അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളിൽ വീര നായകനാവുന്നത്. അട്ടിമറിക്കുമുൻപും അതിനടുത്ത ദിവസങ്ങളിലും സി.എൻ.എൻ. അടക്കമുള്ള പടിഞ്ഞാറൻ മാധ്യമങ്ങളിൽ മുഹമ്മദ് ജൊലാനിയുടെ അഭിമുഖങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് കേവലം യാദൃച്ഛികമല്ല.
ഇതെല്ലാം ഞാൻ നേരത്തേ പറഞ്ഞ കച്ചകെട്ടിക്കലിന്റെ പ്രാരംഭമായി വേണം കാണാൻ. അതുകൊണ്ട് ഈ പദ്ധതി ആസൂത്രണം ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായിക്കാണും. ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല, ഇതൊന്നും’’. വരുംനാളുകളിൽ പശ്ചിമേഷ്യയിൽ അമേരിക്കൻ സ്വാധീനം കൂടും.
അഫ്‌ഗാനിസ്താനിലെ മുജാഹിദീനുകളുടെ കാലംതൊട്ടേ റിബലുകളെക്കൊണ്ട് ഭരിപ്പിക്കാനും അവരെ ഭരിക്കാനും അമേരിക്കയ്ക്കുള്ള കഴിവ് എല്ലാവർക്കും അറിവുള്ളതാണ്. പരസ്പരം പോരടിക്കുന്ന സിറിയൻ ഗോത്രക്കൂട്ടായ്മകളെ ചേർത്തുനിർത്താൻ അബു ജൊലാനിക്കും പരസഹായം വേണ്ടിവരും; ഏറ്റവും ചുരുങ്ങിയത് ആദ്യ നാളുകളിലെങ്കിലും.
ജനുവരി ഇരുപതിന് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കും. ആദ്യ വരവിൽ ഇസ്രയേലിലെ അമേരിക്കൻ സ്ഥാനപതികാര്യാലയം ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റിസ്ഥാപിച്ച ആളാണ് ട്രംപ്. നേരത്തേ പറഞ്ഞ മൂന്ന് മതങ്ങൾക്കും തുല്യാവകാശമുള്ള പുണ്യഭൂമിയാണിത്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കലായിരുന്നു അത്.
‘എബ്രഹാംസന്ധി’ ഒരു അടഞ്ഞ അധ്യായമല്ല എന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയുടേതെന്ന് അറിയപ്പെടുന്ന കുന്നുകളും ഇസ്രയേലിന്റേതാണെന്ന് ട്രംപ് അംഗീകരിച്ചിട്ടുണ്ട്. അസദിന്റെ പതനത്തിനുശേഷം ഇസ്രയേൽ ഈ മേഖലയിൽ കൂടുതൽ ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിറിയയുടെ വിവിധ ഭാഗങ്ങളിലായി മുന്നൂറ്റി അന്പത്തിലധികം വ്യോമാക്രമണങ്ങൾ ഇതിനകംതന്നെ ഇസ്രയേൽ നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മേഖലയിൽനിന്ന് പെട്ടെ ന്നൊരു പിന്മാറ്റം ഉണ്ടാവില്ല എന്നും ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല