സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ. ബുധനാഴ്ചയാണ് ഖത്തറിന്‍റെ ദേശീയ ദിനം. വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22നാകും (ഞായറാഴ്ച) പ്രവൃത്തി ദിനം ആരംഭിക്കുന്നത്.
അതേസമയം, ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ് റദ്ദാക്കി. ദേശീയ ദിന സംഘാടകസമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ദേശീയ ദിനമായ ഡിസംബർ 18ന് ദോഹ കോർണിഷിലാണ് വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ് അരങ്ങേറുന്നത്.
താൽകാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ, തയാറെടുപ്പുകൾക്കിടെയാണ് പരേഡ് റദ്ദാക്കികൊണ്ടുള്ള തീരുമാനം. അതേസമയം ഉംസലാലിലെ ദർബ് അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കതാറയിലും ഞായറാഴ്ച മുതൽ ദേശീയ ദിന പരിപാടികൾ ആരംഭിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല