സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും ഇത്തരത്തിൽ വീണു മരിച്ചിരുന്നു.
ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്. ഈ സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ സാധ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സുരക്ഷാസംവിധാനം ഒരുക്കണം.
മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച സമൂഹമാധ്യമങ്ങളിലൂടെയും കൂടുതൽ ജനമെത്തുന്ന ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലും ബോധവൽക്കരണം നടത്താനാണ് പൊലീസിന്റെ പദ്ധതി. ജനലിൽനിന്നും ബാൽക്കണിയിൽനിന്നും താഴെ വീഴാത്തവിധം ഇഴയടുപ്പമുള്ള ഇരുമ്പു കവചം സ്ഥാപിച്ച് അധിക സുരക്ഷ ഒരുക്കിയാൽ അപകടം അകറ്റാം. കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത വിധമാണ് ഇവ സ്ഥാപിക്കേണ്ടത്. അശ്രദ്ധമൂലം ഉണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ, കെട്ടിട ഉടമകൾ, നിർമാതാക്കൾ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
മേശ, കസേര തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ ജനൽ, ബാൽക്കണി എന്നിവയ്ക്കു സമീപം വയ്ക്കരുത്. കുട്ടികൾക്ക് എത്താത്തവിധം ജനലിനും ബാൽക്കണിക്കും പൂട്ടിടണം. വീട്ടുസാധനങ്ങൾ ബാൽക്കണിയിൽ കൂട്ടിയിടരുത്. മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ബാൽക്കണിയിലേക്ക് വിടരുത്. 15 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല