1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ തണുപ്പ് സീസണ്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ ഉല്‍പ്പെടെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ഫ്‌ളൂ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക് കെയര്‍ എന്നിവയുടെ ഡെപ്യൂട്ടി ചീഫും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) റുമൈല ഹോസ്പിറ്റലിന്റെയും ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഹനാദി ഖാമിസ് അല്‍ ഹമദ് പറഞ്ഞു.

സൗജന്യ വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 90-ലധികം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഇന്‍ഫ്‌ലുവന്‍സ വൈറസിനെതിരെ നിര്‍ണായകമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ കുത്തിവയ്പ്പ് എടുക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്‌ളൂ ഷോട്ടിന്റെ പ്രധാന ഗുണങ്ങള്‍

‘ഇന്‍ഫ്‌ളുവന്‍സയുടെ ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്ന് നമ്മുടെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഫ്‌ളൂ കുത്തിവയ്പ്പ്. ആരോഗ്യപരമായ സങ്കീര്‍ണതകള്‍ അനുവഭവിക്കുന്ന പ്രായമായവര്‍ക്ക് ഇത് വളരെ പ്രധാനമാണ്. കാരണം അവര്‍ കഠിനമായ രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവരാണ്,’- ഡോ. അല്‍ ഹമദ് പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ സംബന്ധമായ അസുഖം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, പ്രായമായവരില്‍ മരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതില്‍ വാക്സിന്റെ പങ്ക് നിര്‍ണായകമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ, ശരീരത്തെ വൈറസിനെതിരെ പോരാടാനും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വാക്‌സിന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഗുരുതരമായ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നതാണ് മുതര്‍ന്നവരില്‍ പ്രതിരോധ കുത്തിവയ്പ്പിലൂടെ കൈവരിക്കാനാവുന്ന പ്രധാന നേട്ടം. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ ശക്തിപ്പെടാനുള്ള സാധ്യതയെ ഫ്‌ളൂ ഷോട്ട് ഗണ്യമായി കുറയ്ക്കുന്നു. വാക്‌സിനേഷന്‍ എടുത്ത വ്യക്തികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സ പിടിപെട്ടാലും അവരില്‍ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാവുകയോ അധികം സമയം നീണ്ടു നില്‍ക്കുകയോ ഇല്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ, പ്രായമായവര്‍ അവരുടെ വീടുകളിലെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും പരിചരിക്കുന്നവരെയും അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

വാക്‌സിന്‍ എങ്ങനെ എടുക്കാം?

‘എച്ച്എംസിയില്‍, രോഗികള്‍ക്ക് അവരുടെ ഷെഡ്യൂള്‍ ചെയ്ത ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് അപ്പോയിന്റ്മെന്റുകള്‍ക്കായി എത്തുമ്പോള്‍ ഫ്‌ളൂ വാക്സിന്‍ എടുക്കാമെന്നും എത്രയും വേഗം കുത്തിവയ്പ്പ് എടുക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നതായും ഡോ. അല്‍ ഹമദ് പറഞ്ഞു. ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ക്ലിനിക്കുകളുടെ പരിധിയിലും വാക്‌സിന്‍ എടുക്കാനുള്ള സൗകര്യമുണ്ട്. 107 എന്ന നമ്പറില്‍ വിളിച്ച് വാക്‌സിനേഷന്‍ ബുക്ക് ചെയ്യുകയോ വാക്ക് ഇന്‍ ഫ്‌ളൂ വാക്‌സിനേഷനായി നിങ്ങളുടെ അടുത്തുള്ള പിഎച്ച്‌സിസി സന്ദര്‍ശിക്കുകയോ ചെയ്യാം. ഖത്തറിലുടനീളം 50-ലധികം സ്വകാര്യ ക്ലിനിക്കുകളില്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കും.

നമ്മുടെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുക എന്നത് ഒരു സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നും ഡോ. അല്‍ ഹമദ് പറഞ്ഞു. ഫ്‌ളൂ ഷോട്ട് എടുക്കുന്നതിലൂടെ, വ്യക്തികള്‍ സ്വയം പരിരക്ഷിക്കുക മാത്രമല്ല, ആരോഗ്യകരമായ ഒരു സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. വാക്‌സിനേഷന് മുന്‍ഗണന നല്‍കാനും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുക,- അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.