1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2024

സ്വന്തം ലേഖകൻ: റിയാദ് മെട്രോയുടെ രണ്ട് ലൈനുകള്‍ കൂടി അഥവാ ലൈന്‍ 2 (റെഡ് ലൈന്‍), ലൈന്‍ 5 (ഗ്രീന്‍ ലൈന്‍) എന്നിവയുടെ പ്രവര്‍ത്തനം ഞായറാഴ്ച ആരംഭിച്ചതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) അറിയിച്ചു. ഇതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനക്ഷമമായി. രാവിലെ ആറു മണി മുതല്‍ രണ്ട് ലൈനുകളിലെ സ്റ്റേഷനുകളില്‍ യാത്രക്കാരെ സ്വീകരിച്ചു തുടങ്ങി. അര്‍ദ്ധരാത്രി 12 മണി വരെ ഈ ലൈനുകളില്‍ സര്‍വീസ് തുടരും.

കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റിയെയും കിംഗ് സൗദ് യൂണിവേഴ്സിറ്റിയെയും ബന്ധിപ്പിക്കുന്നതിനായി റിയാദിന്‍റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് കിങ് അബ്ദുല്ല റോഡ് വഴി 25.1 കിലോമീറ്ററാണ് റെഡ് ലൈന്‍ നിര്‍മിച്ചിരിക്കുന്നത്. റിയാദ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ ഉള്‍പ്പെടെ 15 സ്റ്റേഷനുകള്‍ വഴി റെഡ് ലൈന്‍ ട്രെയിനുകള്‍ കടന്നുപോകും. ബ്ലൂ ലൈനിലുള്ള എസ്ടിസി സ്റ്റേഷന്‍, ഗ്രീന്‍ ലൈനിലെ വിദ്യാഭ്യാസ മന്ത്രാലയം സ്റ്റേഷന്‍, പര്‍പ്പിള്‍ ലൈനിലെ അല്‍-ഹംറ സ്റ്റേഷന്‍ എന്നിവ വഴി റെഡ്‌ലൈന്‍ കടന്നുപോവുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പുതുതായി സര്‍വീസ് ആരംഭിച്ച ഗ്രീന്‍ ലൈന്‍ 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. പ്രതിരോധ മന്ത്രാലയം, ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ നിരവധി മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സേവനം നല്‍കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപമുള്ള കിംഗ് അബ്ദുല്ല റോഡ് മുതല്‍ നാഷണല്‍ മ്യൂസിയം വരെയാണ് ഗ്രീന്‍ ലൈന്‍ സര്‍വീസ് നടത്തുക.

ഡിസംബര്‍ 1 ന് പ്രാരംഭ ഘട്ടത്തില്‍മൂന്ന് ലൈനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതില്‍ ബ്ലൂ ലൈന്‍ ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിച്ചും യെല്ലോ ലൈന്‍ കിംഗ് ഖാലിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലൂടെയും പര്‍പ്പിള്‍ ലൈന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ഔഫ് റോഡിനെ അല്‍-ശെയ്ഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡുമായി ബന്ധിപ്പിച്ചുമാണ് കടന്നുപോവുന്നത്.

ജനുവരി അഞ്ചോടെ എല്ലാ ലൈനുകളിലൂടെയും റിയാദ് മെട്രോ സര്‍വീസ് ആരംഭിക്കും. മദീന റോഡ് വഴിയുള്ള മൂന്നാമത്തെ ലൈനായ ഓറഞ്ച് ലൈന്‍ കൂടി വരുന്നതോടെ മെട്രോ സര്‍വീസ് പൂര്‍ണ തോതിലാവും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ രഹിത ട്രെയിനുമായ റിയാദ് മെട്രോ 2024 നവംബര്‍ 27 നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. 176 കിലോമീറ്റര്‍ നീളത്തില്‍ 4 പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് റിയാദ് മെട്രോ. സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ 20 ലക്ഷം യാത്രക്കാരുമായി റിയാദ് മെട്രോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.