1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2024

സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സർവകാല റെക്കോർഡിൽ. ഏറ്റവും പുതിയ കണക്കു പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. ദുബായ് കോൺസുലേറ്റിന്റേതാണ് കണക്കുകൾ. യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് ദുബായിൽലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 39 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് കുടിയേറിയിട്ടുള്ളത്.

2012 ലെ 22 ലക്ഷത്തിൽ നിന്നാണ് പ്രവാസി ജനസംഖ്യ നാൽപത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്നത്. പന്ത്രണ്ടു വർഷത്തിനിടെ, പതിനേഴു ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് അധികമായെത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തിയതായും സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യ വർധിച്ചതിനൊപ്പം, ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെട്ടു. യുപിഐ അടക്കമുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കി. യുഎഇയുടെ ആരോഗ്യരംഗം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അത് എമിറേറ്റിന്റെ കൂടി വളർച്ചയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസങ്ങൾക്ക് മുമ്പ്, ന്യൂഡൽഹിയിൽ വച്ചു നടന്ന ഇന്ത്യ-യുഎഇ സംയുക്ത സമിതി യോഗം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മനുഷ്യവിഭവ ശേഷി ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ സമൂഹം യുഎഇയുടെ വികസനത്തിന് നൽകിയ സംഭാവനയ്ക്ക് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം 85 ദശലക്ഷം ഡോളറാണ് ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ വ്യാപാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.