1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ താമസിക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ നടത്തുന്ന ഇ-കൊമേഴ്സ് റീട്ടെയില്‍ പര്‍ച്ചേസുകള്‍ക്കായി പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ). ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ പദ്ധതിയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.

ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി തിരികെ നല്‍കുന്നതാണ് പുതിയ സംവിധാനം. യുഎഇയില്‍ സന്ദര്‍ശക വിസകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ മടക്കയാത്രയില്‍ വിമാനത്താവളങ്ങളില്‍ നിന്നു വാറ്റ് നികുതി തിരികെ നല്‍കും. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നല്‍കാം.

ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നല്‍കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ സമയത്തു സന്ദര്‍ശക വീസയിലാണെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ഇവ നല്‍കുന്നത്. യോഗ്യത തെളിയിക്കപ്പെട്ടാല്‍, രാജ്യം വിടുമ്പോള്‍ ഈടാക്കിയ വാറ്റ് നികുതി തിരികെ നല്‍കും. വാറ്റ് റീഫണ്ട് നല്‍കുന്ന ഏജന്‍സിയായ പ്ലാനറ്റ് വഴിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ നികുതിയും തിരികെ ലഭിക്കുക.

ടൂറിസ്റ്റുകള്‍ക്കായി രണ്ട് വര്‍ഷം മുമ്പ് അതോറിറ്റി ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിലും വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും കടലാസ് രഹിതവും തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് അവരുടെ പാസ്പോര്‍ട്ടുകള്‍ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാനും വാങ്ങല്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ ഇന്‍വോയ്സുകളുടെ രൂപത്തില്‍ അവ സ്വയമേവ പങ്കിടാനും അനുവദിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം പദ്ധതി വാഗ്ദാനം ചെയ്യുന്നു.

യുഎഇയില്‍ താമസിക്കുമ്പോള്‍ ഇ-കൊമേഴ്സ് വാങ്ങലുകളില്‍ നിന്ന് വാറ്റ് ഈടാക്കാന്‍ വിനോദസഞ്ചാരികളെ പ്രാപ്തരാക്കുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് സംവിധാനം അവതരിപ്പിക്കാനായതില്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് അഭിമാനമുണ്ടെന്ന് എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. അതോറിറ്റിയുടെ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആഗോള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

ഒരു മികച്ച അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ അത്യാധുനിക പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന സംവിധാനങ്ങളിലൊന്നായി ഇത് മാറും. ഇ-കൊമേഴ്സ് പര്‍ച്ചേസില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ട് എന്ന സമഗ്ര സംവിധാനത്തിലൂടെ എഫ്ടിഎ ഉപയോക്താക്കള്‍ക്ക് സവിശേഷമായ അനുഭവം നല്‍കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത സ്റ്റോറുകളില്‍ നിന്നോ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നോ ആകട്ടെ, യുഎഇയില്‍ താമസിക്കുമ്പോള്‍ അവരുടെ എല്ലാ വാങ്ങലുകള്‍ക്കുമുള്ള വാറ്റ് വീണ്ടെടുക്കാന്‍ ഇത് ടൂറിസ്റ്റുകളെ അനുവദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.