1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2024

സ്വന്തം ലേഖകൻ: മെച്ചപ്പെട്ട തൊഴിലും ശമ്പളവും തേടി ഇന്ത്യയിൽനിന്ന് യു.കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് യുവാക്കളുടെ ഒഴുക്കു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. എന്നാൽ, വിദേശത്ത് എത്തുന്നവർക്കെല്ലാം ആഗ്രഹിക്കുന്ന ജീവിതം സാധ്യമാകാതെവരുന്ന അനുഭവങ്ങളും നാം കേൾക്കാറുണ്ട്. യു.കെയിൽ ലഭിക്കുന്ന ശമ്പളം ഇന്ത്യയിലെ സർക്കാർ മേഖലയിൽ ലഭിക്കുന്നതിനേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് യു.കെയിലെ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്ന ആനന്ദ് സുദര്‍ശന്‍. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ആനന്ദിന്റെ പ്രതികരണം.

യു.കെയിലെ അക്കാദമിക് മേഖലയിൽ കരാര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷിക്കുന്നപോലെ മികച്ച ശമ്പളമല്ല ലഭിക്കുന്നതെന്ന് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സർവകലാശാലകളിൽ അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളവുമായി തട്ടിച്ചുനോക്കുമ്പോൾ ഇവിടത്തെ അധ്യാപകരുടെ ശമ്പളം കുറവാണെന്നും അദ്ദേഹം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കിലെ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ആനന്ദ് സുദര്‍ശന്‍.

യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരാർ അധ്യാപകരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണ് ലഭിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള, സർവകലാശാലാ അധ്യാപക തസ്തികകളിൽ ജോലിചെയ്യുന്നതിന് യു.കെയിലേയ്ക്ക് വരാൻ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ താൽപര്യം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാരണം, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ യു.കെയിലേതിനേക്കാൾ അൽപംകൂടി ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നു. താൻ ജോലിചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കിലെ ശമ്പളവുമായി താരതമ്യംചെയ്താണ് അദ്ദേഹം ഇത് പറയുന്നത്.

അതേസമയം, പൊതുവെ പറയുമ്പോൾ യു.കെയിൽ ലഭിക്കുന്ന ശരാശരി ശമ്പളം ഇന്ത്യയിലേതുമായി തട്ടിക്കുമ്പോൾ ഉയർന്നതുതന്നെയാണെന്നും ആനന്ദ് പറയുന്നുണ്ട്. സാധാരണ തൊഴിൽമേഖലകളിലേത് തീർച്ചയായും ഉയർന്നതുതന്നെയായിരിക്കും. എന്നാല്‍, ഉയര്‍ന്ന യോഗ്യതയും വൈദഗ്ധ്യവുമുള്ളവർക്ക് യു.കെയിലെ ശമ്പളം ആകര്‍ഷകമാകണമെന്നില്ലെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.