സ്വന്തം ലേഖകൻ: കുവൈത്തിൽ പൊണ്ണത്തടി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരവെ, ജനങ്ങളിൽ പുതിയ ആരോഗ്യ ശീലങ്ങൾ വളർത്താൻ പദ്ധതിയുമായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയവും കായിക ജനറൽ അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൽറഹ്മാൻ അൽ മുതൈരി, ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്
ധാരണാപത്രത്തിൻ്റെ ലക്ഷ്യങ്ങൾ
ധാരണാപത്രത്തിൻ്റെ പ്രധാന ലക്ഷ്യം ആരോഗ്യകരമായ നഗരങ്ങൾക്കായുള്ള ദേശീയ തന്ത്രം നടപ്പിലാക്കുകയും സമൂഹത്തിലുടനീളം ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യകരമായ ജീവിതശൈലി, കായിക പങ്കാളിത്തം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന സംയുക്ത പരിപാടികൾ പ്രോത്സാഹിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
സംയുക്ത സാങ്കേതിക ടീം വരും
ഇതുമായി ബന്ധപ്പെട്ട പദ്ധതികളും പ്രവർത്തന പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനായി ഒരു സംയുക്ത സാങ്കേതിക സംഘത്തിന് ഇരു നേതാക്കളും തമ്മിൽ നടന്ന യോഗത്തിൽ രൂപം നൽകി. ഈ ടീം ആരോഗ്യ മന്ത്രാലയത്തിനും സ്റ്റോർട്സ് ജനറൽ അതോറിറ്റിക്കും ഇടയിൽ തുടർച്ചയായ ഏകോപനം ഉറപ്പാക്കും. തീരുമാനപ്രകാരമുള്ള സംരംഭങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ രീതിശാസ്ത്രവും പ്രവർത്തന പദ്ധതികളും ഈ സമിതി തയ്യാറാക്കും. നഗരങ്ങളിലും ഗവർണറേറ്റുകളിലും ഉടനീളം ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിൽ സമിതി ശ്രദ്ധ കേന്ദ്രീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല