1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2024

സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാരത്തിന്റെ ഭാ​ഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗത്തിൽ അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി വ്യാപാരം, കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കൽ എന്നിവയിൽ രാജ്യങ്ങൾ സമവായത്തിലെത്തിയതായാണ് വിവരം. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയും പ്രശ്‌നത്തിന് ന്യായവും പരസ്പര സ്വീകാര്യവുമായ നടപടിയും മുൻനിർത്തിയാണ് ഇരുപക്ഷവും ധാരണയിലെത്തിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രത്യേക പ്രതിനിധിതല യോഗമായിരുന്നു നടന്നത്. കഴിഞ്ഞ മാസം കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് വഴി തുറന്നത്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ തുടരാനും കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സമ്മതിച്ചു.

അടുത്ത വർഷം ഇന്ത്യയിൽ പ്രത്യേക പ്രതിനിധികളുടെ ഒരു കൂടിക്കാഴ്ച നടത്താനും ധാരണയായിട്ടുണ്ട്. അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ-ചൈന പ്രത്യേകപ്രതിനിധികളുടെ ചർച്ച ചൈനയിൽ നടന്നത്. 2019 ഡിസംബറിലാണ് അവസാനമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല പ്രതിനിധി ചർച്ച നടന്നത്. അതിർത്തി പ്രശ്‌നങ്ങളായിരുന്നു ഇതിൽ പ്രധാനമായും ചർച്ച ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.