മരണം എപ്പോഴാണ് എങ്ങനെയാണ് വരുന്നതെന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും പറ്റില്ല അതുകൊണ്ട് തന്നെ ബ്രസീലിയന്‍ സംവിധായകന് ഓസ്കാര്‍ മാരോണ്‍ ഫില്‍ഹോ (56)യുടെ മരണവും അപ്രതീക്ഷിതമായിരുന്നു. ഗോവയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളക്കിടെ ഹൃദയാഘാതം ഈ സംവിധായകന്റെ ജീവന് കവര്‍ന്നിരിക്കുകയാണ്. ഗോവന്‍ ചലച്ചിത്രമേളയില്‍ ഫുട്ബോള്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലുള്‍പ്പെടുത്തിയ’ മരിയാ ഫില്‍ഹോ: ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് അദ്ദേഹം.
ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കവെയാണ് ഓസ്കാര്‍ ഫില്ഹോക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറത്തും കോഴിക്കോട്ടുമായി നടത്താനുദ്ദേശിച്ചിരുന്ന ഫുട്ബോള്‍ ചലച്ചിത്രമേളക്കായി കേരളത്തിലെത്താമെന്ന് ഓസ്ക്കാര്‍ മാരോണ്‍ ഫില്‍ഹോ സംഘാടകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഓസ്കറിന്റെ മരണത്തില്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അനുശോചിച്ചു.
ഫുട്ബോളിന്റെ ഹോമര്‍ എന്ന പേരില്‍ വിഖ്യാതനായ ബ്രസീലിയന്‍ ഫുട്ബോള്‍ എഴുത്തുകാരന് മാരിയോ ഫില്ഹോയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഓസ്കാര്‍ ഫില്‍ഹോ സംവിധാനം ചെയ്ത ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ് എന്ന ചിത്രം. ബ്രസീലിന്റെ ഫുട്ബോള്‍ ആവേശത്തിന് മിത്തിക്കല്‍ പരിവേഷം ചാര്‍ത്തിക്കൊടുത്ത മാരിയോ ഫില്ഹോയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് പുറമെ ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി ഹ്രസ്വചിത്രങ്ങള്‍ ഓസ്കാര്‍ ഫില്‍ഹോ സംവിധാനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല