1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2024

സ്വന്തം ലേഖകൻ: ദുബായിൽ ഇനി ആഗ്രഹിച്ച ഭക്ഷണം, പറന്നു വരും. ഭക്ഷണം മാത്രമല്ല, മരുന്നും. റോഡിലെ തിരക്കുകൾ താണ്ടി, ഡെലിവറി റൈഡേഴ്സ് എത്തുന്നത്ര സമയം പോലും ഇനി കാത്തിരിക്കണ്ട. ഓർഡർ ചെയ്ത സാധനങ്ങൾ, മിനിറ്റുകൾക്കകം നിങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ, അല്ലെങ്കിൽ ജാലകത്തിൽ വന്നു മുട്ടിവിളിക്കും. കയ്യെത്തി വാങ്ങേണ്ട ബുദ്ധിമുട്ടു മാത്രമേയുള്ളു.

മധ്യ പൗരസ്ത്യ മേഖലയിലെ ആദ്യ ഡ്രോൺ ഡെലിവറി സേവനം യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉദ്ഘാടനം ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ.

ആദ്യ ഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ 4 റൂട്ടുകളിലാണ് ഡെലിവറി. 2.3 കിലോ വരെ ഭാരമുള്ള സാധനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകും. ഇത്തരത്തിൽ 6 ഡ്രോണുകളാണ് സേവനത്തിലുള്ളത്. ആവശ്യമനുസരിച്ച് കൂടുതൽ ഡ്രോണുകൾ വിന്യസിക്കും. ചൈനീസ് ടെക്നോളജി, റീട്ടെയ്ൽ കമ്പനിയായ കീറ്റ ഡ്രോൺ ആണ് സേവന ദാതാക്കൾ.

ഉദ്ഘാടനത്തിന്റെ ഭാഗമായി റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്ത ഷെയ്ഖ് ഹംദാന് കൃത്യസമയത്ത് ഡ്രോൺ സാധനങ്ങൾ എത്തിച്ചു. 3 കിലോമീറ്ററാണ് ഡ്രോണിന്റെ വിതരണ പരിധി. സെക്കൻഡിൽ 22 മീറ്ററാണ് വേഗം. ഒരു മിനിറ്റിൽ ഒരു കിലോമീറ്റർ താണ്ടും. 2030 ആകുമ്പോഴേക്കും ദുബായിലെ 33 ശതമാനം ഡെലവറിയും ഡ്രോൺ വഴിയാകും.

2021 ൽ ചൈനയിലെ ഷെൻഷെനിലാണ് ആദ്യത്തെ വാണിജ്യ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചത്. ഇതുവരെ പ്രധാന ചൈനീസ് നഗരങ്ങളിൽ 53 റൂട്ടുകളിലായി 4 ലക്ഷം ഡെലിവറികൾ നടത്തി പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കിയ ശേഷമാണ് കമ്പനി ദുബായിൽ സർവീസ് ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.