1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2024

സ്വന്തം ലേഖകൻ: യുകെയിൽ കുടിവെള്ളത്തിനും വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ചുരുങ്ങിയത് 20% ബില്‍ തുക വര്‍ധിപ്പിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം 20 ശതമാനം വരെ ബില്ലുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിനൊപ്പം പണപ്പെരുപ്പം കൂടി ചേര്‍ക്കും. അടുത്ത അഞ്ച് വര്‍ഷം ഇതില്‍ നിന്നും 88 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തി സേവനങ്ങളും, പരിസ്ഥിതിയും മെച്ചപ്പെടുത്തുകയാണ് ഉദ്ദേശം.

റെഗുലേറ്റര്‍ അനുമതി നല്‍കിയാല്‍ ഏപ്രില്‍ മുതല്‍ നിരക്ക് മാറ്റം പ്രാബല്യത്തില്‍ വരും. നദികള്‍ മലിനീകരിക്കപ്പെടുകയും, വാട്ടര്‍ കമ്പനി മേധാവികള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുകയും, ഓഹരി ഉടമകള്‍ വന്‍ ഡിവിഡെന്‍ഡുകള്‍ നേടുകയും ചെയ്യുന്നതില്‍ ജനരോഷം ഉയരുന്നതിനിടെയാണ് ഈ നീക്കം.

വാട്ടര്‍ കമ്പനികള്‍ക്ക് മാലിന്യം നദിയിലേക്ക് ഒഴുക്കാന്‍ യാതൊരു ഇളവും അനുവദിക്കുന്നില്ലെന്ന് ഒരാഴ്ച മുന്‍പാണ് ഓഫീസ് ഫോര്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ വിധിച്ചത്. 1994 മുതല്‍ ഇത് നിയമവിരുദ്ധമായി ഇരിക്കവെ നിയമം നടപ്പാക്കാന്‍ എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും, എന്‍വയോണ്‍മെന്റ് ഏജന്‍സിയും, ഓഫ്‌വാട്ടും പരാജയപ്പെട്ടെന്ന് വിധിയില്‍ വ്യക്തമാക്കി.

സതേണ്‍ വാട്ടര്‍ ബില്ലുകളില്‍ 84% വര്‍ദ്ധനവിന് അനുമതി വേണമെന്നാണ് ആവശ്യപ്പെടുന്നത്. തെയിംസ് വാട്ടര്‍ 53% വര്‍ധനവിനും അപേക്ഷിക്കുന്നു. നദികളുടെ മലിനീകരണവും ജലക്ഷാമവും പാഴ്‌ച്ചെലവും ജനങ്ങളുടെ തലയിലേക്ക് കൈമാറുകയാണ് ലക്‌ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.