സ്വന്തം ലേഖകൻ: വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ നാടുവിട്ട മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇസ്രയേലിന് നിർണായക വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപണം. രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള്‍ ചോർത്തിനൽകിയാണ് അസദ് രാജ്യം വിട്ടതെന്നാണ് വിവരം.
രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നാണ് വിവരം. താൻ രാജ്യം വിടുമ്പോൾ ഇസ്രയേൽ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനായാണ് ആയുധങ്ങൾ ഉളള സ്ഥലങ്ങൾ അസദ് ചോർത്തിക്കൊടുത്തത് എന്നാണ് ഹുറിയത്ത് എന്ന ടർക്കിഷ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രയേൽ സിറിയയുടെ നാവിക, ആയുധ ശേഖരങ്ങളെല്ലാം തകർത്തിരുന്നു. അസദ് നൽകിയ വിവരങ്ങൾ മൂലമാണ് ഈ ആക്രമണമെന്നാണ് ഹുറിയത്ത് റിപ്പോർട്ട് ചെയ്യുന്നത്.
സിറിയൻ ഭരണകൂടത്തിൻ്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിൻ്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്. കടലിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനിർമ്മാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെട്ടത്. സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ നവംബർ 27നായിരുന്നു വിമതർ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടായത്. ഇഡ്ലിബ് നഗരം കീഴടക്കിയായിരുന്നു വിമതർ അസദിനെതിരായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. വെറും പന്ത്രണ്ട് ദിവസം കൊണ്ട് അസദിനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് നഗരങ്ങളൊന്നൊന്നായി കീഴടക്കി വിമതർ വലിയ മുന്നേറ്റം നടത്തിയത്. അലെപ്പോയ്ക്ക് പിന്നാലെ, ഹുംസും ഹമയുമെല്ലാം കീഴടക്കി മുന്നേറിയ വിമത സൈന്യം ഒറ്റ ദിവസം കൊണ്ട് തലസ്ഥാനമായ ഡമാസ്കസിലെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല