സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇതൊരു മിനി ഹിന്ദുസ്ഥാനാണെന്ന് തനിക്ക് അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
19ാം നൂറ്റാണ്ടില്‍ പോലും ഇന്ത്യയും കുവൈറ്റും തമ്മില്‍ ശക്തമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്ന് ഹലാ മോദിയില്‍ അദ്ദേഹം ഓർമ്മിച്ചു. കുവൈത്തിലെ വ്യാപാരികൾ ഗുജറാത്തി പഠിക്കുകയും അതിൽ പുസ്തകങ്ങൾ എഴുതുകയും അവരുടെ ലോകപ്രശസ്തമായ മുത്തുകൾ നമ്മുടെ വിപണികളിൽ കച്ചവടം ചെയ്യുകയും ചെയ്തതിന് ഗുജറാത്തിലെ നമ്മുടെ മുതിർന്നവർ സാക്ഷിയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഒരേ കടല്‍ പങ്കിടുന്നു, സ്നേഹവും വ്യാപാരവും പങ്കിടുന്നുവെന്നും ഹലാ മോദിയില്‍ സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള പങ്കാളിത്തത്തെ കുറിച്ച് പരാമർശിക്കവെ ഇന്ത്യ എങ്ങനെയാണ് കുവൈറ്റ് അടക്കമുളള രാജ്യങ്ങളുമായി പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിന് ആവശ്യമായ സാങ്കേതിക വിദ്യയും മനുഷ്യശക്തിയും ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഇന്ത്യക്ക് മികച്ച പിന്തുണ നല്‍കിയ രാജ്യമാണ് കുവൈറ്റ്. ദ്രാവക ഓക്സിജന്‍ അടക്കമുളളവ ഇന്ത്യക്ക് നല്‍കി പിന്തുണച്ചു.
അതിൽ ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ ഡിജിറ്റലായി സ്മാർട്ടായി. ചെറിയ ചായക്കടയില്‍ പോലും യുപിഐ ഉപയോഗിക്കുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ സന്ദർശിക്കുവാന്‍ കുവൈറ്റ് പൗരന്മാരെ ക്ഷണിച്ച മോദി, കുംഭമേളയും റിപബ്ലിക് ദിന പരേഡുമെല്ലാം വ്യത്യസ്ത അനുഭവങ്ങളാകുമെന്ന് പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ് പരമ്പരാഗത വൈദ്യശാസ്ത്രമായ ആയൂർവേദം. ലോകത്തെ ആരോഗ്യത്തോടെയിരിക്കാന്‍ ആയുർവേദം സഹായിക്കുകയാണ്. ആയുഷ് ഉല്‍പന്നങ്ങള്‍ ലോകത്തിന്‍റെ ആരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. നളന്ദ മുതൽ ഐഐടികൾ വരെയുള്ള നമ്മുടെ വിജ്ഞാന സമ്പ്രദായം ലോക വിജ്ഞാന സമ്പ്രദായത്തിന് ശക്തി പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജി 20 യില്‍ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 43 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബായുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഞായറാഴ്ച കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല