സ്വന്തം ലേഖകൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ബെർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും, ഇതുവരെ അഞ്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 41 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗദി പൗരനായ ഡോക്ടറെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു.
ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ് സംഭവം. പ്രതി ക്രിസ്‌മസ് മാർക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് അറിയിച്ചത്. 2006 മുതൽ ഇയാൾ ജർമനിയിലുണ്ടെന്നും ഭീകരാക്രമണമാണോയെന്ന് അന്വേഷിക്കുന്നുവെന്നുമാണ് ജർമ്മൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജർമ്മൻ പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്കാണ് കറുത്ത ബിഎംഡബ്ല്യൂ കാർ അമിത വേഗതയിൽ ആൾക്കൂട്ടത്തിലേയ്ക്ക് ഇടിച്ചുകയറ്റിയത്.
ജർമനിയിലെ ഡോക്ടറായ താലെബ് എന്നയാൾ സംഭവത്തിൽ ജർമൻ പൊലീസിന്റെ പിടിയിലായിരുന്നു. 2006 മുതൽ ഇയാൾ ജർമനിയിൽ താമസിച്ചുവരുന്നുണ്ട്. സൗദി അറേബ്യയിൽ ജനിച്ച ഇയാൾ നാസ്തികനാണ് എന്നാണ് വിവരം. ഇസ്ലാം മതം വിട്ടുവന്ന ഇയാൾ ജർമനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയപാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ അനുകൂലിയാണ്. വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാരനായി ജർമനിയിലെത്തിയ ഇയാൾ നിലവിൽ കടുത്ത കുടിയേറ്റ വിരുദ്ധനാണ്. തീവ്ര വലതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ആൾ കൂടിയാണ് ഇയാൾ എന്നും റിപ്പോർട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല