സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അല്‍ കബീര്‍ നെക്ലേസ്’സമ്മാനിച്ചത്.
ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണവും നൽകി. തുടർന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തി. ഇതിനിടെയാണ് അമീർ ‘മുബാറക് അല്‍ കബീര്‍ നെക്ലേസ്’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് മോദി നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് ബഹുമതി.
3 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് സന്ദര്‍ശനം നടത്തിയത്.
1500-ല്‍ അധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് മോദി ഒരു മണിക്കൂറോളം ചെലവഴിച്ചത്. 80 ഓളം തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി തിരികെ മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല