സ്വന്തം ലേഖകൻ: വ്യവസായിക മേഖലയിലെ സ്വദേശിവത്കരണത്തിൽ മികച്ച മുന്നേറ്റം. ഈ വർഷം ജനുവരി മുതൽ നവംബർവരെയുള്ള കണക്കുപ്രകാരം ലക്ഷ്യമിട്ടതിനേക്കാൾ അഞ്ചു ശതമാനത്തിലധികമാണ് ഈ മേഖലയിലെ സ്വദേശിവത്കരണ തോത്. ഈ കാലയളവിൽ 1145 പുരുഷന്മാരും 563 സ്ത്രീകളും ഉൾപ്പെടുന്ന മൊത്തം 1708 ഒമാനികൾക്ക് ജോലി ലഭിച്ചു. ഈ മേഖലയിലെ മൊത്തം ഒമാനി തൊഴിലാളികളുടെ എണ്ണം 30,993 ആയി.
ഈ വർഷം 1000 ഒമാനികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യമാണ് തൊഴിൽ മന്ത്രാലയം ആദ്യം നിശ്ചയിച്ചിരുന്നത്. ലക്ഷ്യം കൈവരിക്കുക മാത്രമല്ല, അഞ്ചു ശതമാനത്തിലധികം എത്തുകയും ചെയ്തു. അടുത്ത ഘട്ടത്തിൽ സാങ്കേതികവും സ്പെഷലൈസേഷനും പ്രാദേശികവത്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഇംപ്ലിമെന്റേഷൻ ആൻഡ് ഇവാലുവേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടറും എംപ്ലോയ്മെന്റ് ഫയൽ ടീം മേധാവിയുമായ ഡോ. അഹമ്മദ് ബിൻ ഖൽഫാൻ അൽ ബദാവി ഊന്നിപ്പറഞ്ഞു.
ഈ പുരോഗതി രാജകീയ അംഗീകാരത്തോടെ ഈ വർഷത്തിന്റെ മധ്യത്തിൽ ആരംഭിച്ച ഒമാന്റെ വ്യവസായിക തന്ത്രം 2040മായി യോജിക്കുന്നു. 125 സംരംഭങ്ങൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ തന്ത്രം ഇതിനകം നല്ല ഫലങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാക്കിയുള്ള 140 സംരംഭങ്ങൾ മറ്റ് അധികാരികൾ നടപ്പാക്കും.
അതേസമയം, വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുകയാണ് ഒമാൻ. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനിവത്കരണം അടുത്ത വർഷം ജനുവരിയോടെ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കുന്നുണ്ട്.
ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കുമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ ബിൻ ഹമൂദ് അൽ മാവാലി അറിയിച്ചിരുന്നു.
തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനംവരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കുമുള്ള ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല