സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്.
വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ മാസങ്ങളായി കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കലും സാങ്കേതിക തകരാറും കാരണം പലയിടത്തും കുടുങ്ങുന്നവർക്ക് ടിക്കറ്റ് തുക തിരിച്ചുകിട്ടാൻ വഴിയൊരുക്കുന്നതിനു പോർട്ടൽ ഉപകാരപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ കേസിൽ അടിയന്തര നടപടി സ്വീകരിക്കാൻ സെപ്റ്റംബർ 27ന് കോടതി ഉത്തരവിട്ടിരുന്നു.
ആ ഉത്തരവ് നടപ്പാക്കുന്നതിനായി പ്രവാസി ലീഗൽ സെൽ വീണ്ടും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രശ്നം പരിഹരിച്ചതായി മന്ത്രാലയം കോടതിയെ അറിയിച്ചത്. വിമാനയാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം അവതരിപ്പിച്ച എയർസേവ പോർട്ടൽ തുടക്കക്കാലത്ത് വൻവിജയമായിരുന്നു.
എന്നാൽ, അടുത്തയിടെ പോർട്ടൽ നിർജീവമായത് യാത്രക്കാരെ വലച്ചു. തുടർന്ന്, ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ജോസ് ഏബ്രഹാമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രവാസി പ്രശ്നങ്ങളിൽ ഇടപെടൽ തുടരുമെന്ന് പ്രവാസി ലീഗൽ സെൽ കുവൈത്ത് ഭാരവാഹികളായ ബിജു സ്റ്റീഫൻ, കെ. ഷൈജിത്ത് എന്നിവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല