സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു.
അതേസമയം, അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന് പൊതുമാപ്പ് അവസാനിക്കുന്നതിനാൽ അതിനു മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.
ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്. പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല