1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2024

സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്‍റ് സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ അതിന് തടയിടുന്നതിനുള്ള നടപടികളുമായി ഖത്തര്‍. അതിന്‍റെ ഭാഗമായി രാജ്യത്തെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി.

മന്ത്രാലയത്തിന്‍റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ഏറ്റവും പുതിയ ലിസ്റ്റ് പങ്കിട്ടത്. ഇതില്‍ ചെറുതും വലുതുമായ 224 റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ പേരുകളാണുള്ളത്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിനായി കൃത്യമായി ലൈസന്‍സുള്ള റിക്രൂട്ട്മെന്‍റ് ഓഫീസുകളുമായി ഇടപഴകേണ്ടതിന്‍റെ പ്രാധാന്യം തൊഴില്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു.

തൊഴിലുടമയുടെയും തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും തട്ടിപ്പിനും ചൂഷണത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനും ഈ പട്ടികയില്‍ പറഞ്ഞിട്ടുള്ള സ്ഥാപനങ്ങള്‍ വഴിയാണ് റിക്രൂട്ട്‌മെന്‍റ് നടത്തുന്നതെന്ന കാര്യം ബന്ധപ്പെട്ട കക്ഷികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

ലൈസന്‍സില്ലാത്തതും വഞ്ചനാപരമായതുമായ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ക്ക് ആരും ഇരയാകരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കിരയായി വലിയ തുക നല്‍കി ഖത്തറിലെത്തിയ ശേഷം ജോലിയില്ലാതെ കഷ്ടപ്പെടുന്ന വിദേശ തൊഴിലാളികളുടെ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

അതിനിടെ, ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വഞ്ചനാപരമായ വസ്തുവാടക പരസ്യങ്ങളെക്കുറിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും വിനോദ സൗകര്യങ്ങളും അവിശ്വസനായമായ രീതിയില്‍ കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അസാധാരണമാംവിധം കുറഞ്ഞ വിലയുള്ള പ്രോപ്പര്‍ട്ടി ഇടപാടുകളെ കുറിച്ചുള്ള പരസ്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം ആവര്‍ത്തിച്ചു. ഇത്തരം തട്ടിപ്പുകള്‍ ചെറുക്കുന്നതിന്, സംശയാസ്പദമായി തോന്നുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. Metrash ആപ്പ് വഴിയോ cccc@moi.gov.qa എന്ന ഇക്കണോമിക് ആന്‍റ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്‍റിന് ഇമെയില്‍ വഴിയോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.