1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2024

സ്വന്തം ലേഖകൻ: ഇസ്രയേല്‍ സൈന്യം യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് എ ഗബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.എന്‍ വിമാന ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച യമനിലെ സന എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. സനയില്‍ നിന്നും ഫ്ളൈറ്റ് കയറാനൊരുങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടാകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ സംഭവത്തെക്കുറിച്ച് ടെഡ്രോസ് വിവരിച്ചു.

”ഞങ്ങളുടെ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. ഞങ്ങള്‍ നില്‍ക്കുന്നിടത്തുനിന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് ഏതാനും മീറ്ററുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് കയറാന്‍ തുടങ്ങവേയായിരുന്നു ആക്രമണം. റണ്‍വേയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കൂടെയുള്ള സഹപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്” – ടെഡ്രോസ്് എക്സില്‍ എഴുതി.സംഭവത്തെക്കുറിച്ച് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

ഇസ്രയേല്‍, സന എയര്‍പോര്‍ട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നുപേരും യമനിലെ പ്രധാനനഗരമായ ഹൊദീദയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടതായി യമനിലെ വിമതസംഘടനയായ ഹൂതികളുടെ അധീനതയിലുള്ള സബ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് മരണങ്ങള്‍ക്കുപുറമേ രാജ്യത്ത് ഇസ്രയേല്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ നാല്‍പതുപേര്‍ക്ക് സാരമായി പരിക്കേറ്റതായും സബ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലേക്ക് ആയുധങ്ങള്‍ കടത്താനായി യമനിലെ ഹൂതികള്‍ സഹായങ്ങള്‍ ചെയ്യുന്നുവെന്നും അതു തടയാനാണ് യമനീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പവര്‍സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ വാദം.

പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ഇസ്രയേലിനെതിരെ നിരന്തരം ഡ്രോണുകളും മിലൈസുകളും തൊടുത്തുവിടുന്ന അന്തരീക്ഷത്തിലാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. വിമാനത്താവളത്തില്‍ ആക്രമണമുണ്ടായ ഉടന്‍ തന്നെ ടെഡ്രോസിനേയും സഹപ്രവര്‍ത്തകരെയും സുരക്ഷാസ്ഥാനത്തേക്കു മാറ്റി.

ഇസ്രയേല്‍ ആക്രണത്തില്‍ തിരിച്ചടിക്കുമെന്ന് ഹൂതി നേതാക്കള്‍ തങ്ങളുടെ ചാനലായ അല്‍ മസിര്‍ഹയിലുടെ പ്രതികരിച്ചു. അതേസമയം തങ്ങല്‍ ഹൂതികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.