1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകും.

ഘട്ടം ഘട്ടമായാണ് ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറും. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഒമാന്‍ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി.

ഫാബ്രിക് സ്‌റ്റോര്‍, ടെക്‌സ്‌റ്റൈല്‍സ്, വസ്ത്രശാല, തയ്യൽ കട, കണ്ണട ഷോപ്പ്, മൊബൈല്‍ ഷോപ്പ്, സര്‍വീസ് സെന്റര്‍, വാച്ച് സര്‍വീസ്, ഫര്‍ണിച്ചര്‍, ഹൗസ്‌ഹോള്‍ഡ് കടകള്‍ എന്നിവിടങ്ങളിലാണ് അടുത്ത മാസം ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗ് നിരോധിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. ആശുപത്രി, ഫാര്‍മസി, ക്ലിനിക്ക് എന്നിവിടങ്ങളില്‍ നിലവില്‍ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് നിരോധനം ലക്ഷ്യമിടുന്നത്. നിരോധനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനകളും ബോധവൽകരണവും നടന്നുവരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.