സ്വന്തം ലേഖകൻ: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ച അക്തൗവില്‍ തകര്‍ന്നുവീണത് റഷ്യന്‍ വെടിവയ്പ്പില്‍ ആകാമെന്ന് സ്ഥിരീകരണം. ഗ്രോസ്‌നിക്ക് മുകളിലുള്ള ഡ്രോണ്‍ എയര്‍ ആക്റ്റിവിറ്റിക്കിടെ ഫ്‌ലൈറ്റ് 8432-ലേക്ക് റഷ്യന്‍ മിസൈലുകളോ യന്ത്ര നിര്‍മിത തോക്കുകളോ വഴി ആക്രമണം നടന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ട്.
വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 38 പേരാണ് മരിച്ചത്. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യതയുണ്ടെന്ന് അപകടത്തെ തുടര്‍ന്ന് അഭൂഹങ്ങള്‍ അന്നു തന്നെ പരന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിമാനം തകര്‍ത്തതാകാമെന്നാണ് അന്നു തന്നെ റിപ്പോര്‍കള്‍ വഴി വ്യക്തമായത്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥിരീകരണത്തിലേക്ക് നീങ്ങുന്നത്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബാക്കുവിനും ഗ്രോസ്നിക്കും ഇടയിലുള്ള വഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ ഉണ്ടായ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണതായാണ് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞത്.
67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ 42 പേര്‍ അസര്‍ബൈജാന്‍ പൗരന്മാരാണ്. 16 റഷ്യന്‍ പൗരന്മാരും ആറ് കസാഖിസ്ഥാന്‍ പൗരന്‍മാരും മൂന്ന് കിര്‍ഗിസ്ഥാന്‍ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല