1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2024

സ്വന്തം ലേഖകൻ: ക്രിസ്മസ് യാത്ര പ്രതിസന്ധിയിലാക്കി യുകെ വിമാനത്താവളങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍മഞ്ഞ് ശക്തമായതോടെ നൂറുകണക്കിന് വിമാനങ്ങളാണ് വൈകുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. കാലാവസ്ഥ പ്രതികൂലമായതോടെ വ്യോമ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം യാത്രക്കാര്‍ വിമാന കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രൊവൈഡര്‍ നാറ്റ്‌സ് പറഞ്ഞു.

തിരക്കിന്റെ കാര്യത്തില്‍ യുകെയില്‍ രണ്ടാമതും, മൂന്നാമതുമുള്ള വിമാനത്താവളങ്ങളായ ഗാറ്റ്‌വിക്കിലും, മാഞ്ചസ്റ്ററിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. വെള്ളിയാഴ്ച ഗാറ്റ്‌വിക്കില്‍ നിന്നും യാത്ര പുറപ്പെടുന്ന വിമാനങ്ങള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് യാത്ര ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന അര ഡസന്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് വിവരം. ക്രിസ്മസ് അവധി മുന്‍നിര്‍ത്തി യാത്ര ചെയ്യാന്‍ എത്തിയ ആയിരക്കണക്കിന് പേര്‍ ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനങ്ങള്‍ അനിശ്ചിതമായി വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെറ്റ് ഓഫീസ് ഇപ്പോഴും മൂടല്‍മഞ്ഞിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും രാത്രിയിലെ സ്ഥിതി നിരീക്ഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശക്തമായ മൂടല്‍മഞ്ഞ് മൂലം യുകെയിലെ പല വിമാനത്താവളങ്ങളിലും താല്‍ക്കാലിക എയര്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നാറ്റ്‌സ് വക്താവ് അറിയിച്ചു. സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണങ്ങളെന്നും, തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാനും ശ്രമിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.