സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ തിങ്ങി നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക്, തങ്ങള്‍ ന്യൂനപക്ഷമായി പോകുന്നു എന്ന പരാതിയാണ് പ്രധാനമന്ത്രിയോട് ഉന്നയിക്കാനുള്ളത്. കുടിയേറ്റം മൂലം ജനസംഖ്യ വര്‍ദ്ധിച്ചാല്‍, സാമൂഹ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ഭയക്കുന്നു. സാമൂഹ്യ സേവനങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനവൊന്നും ഉണ്ടാകാത്തതാണ് പ്രധാനമായും ആശങ്കയുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷന്‍ 9,06,000 ആയിരുന്നു എന്നതോര്‍ക്കണം.
ജൂണ്‍ 2023 ല്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്കാണിത്. ഇത് ഒരു സര്‍വ്വകാല റെക്കോര്‍ഡുമാണ്. ഇടത്തരം നഗരങ്ങളിലാണ് കുടിയേറ്റക്കാര്‍ പ്രധാനമായും താമസിക്കാന്‍ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും തൊഴിലാളികള്‍ ധാരളമായുള്ള പട്ടണങ്ങളില്‍. താരതമ്യേന ഇവിടെ ജീവിത ചെലവ് കുറവാണ് എന്നതാണ് ഇവരെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. വീടുകള്‍ കുറഞ്ഞ വിലയ്ക്ക് വാടകക്ക് ലഭിക്കും എന്നതും, നല്ല യൂണിവേഴ്സിറ്റികളുടെ സാമീപ്യവും ഇത്തരം പട്ടണങ്ങളില്‍ കൂടുതലായി കുടിയേറ്റക്കാര്‍ എത്തുന്നതിന് കാരണമാകുന്നുണ്ട്.
കവന്‍ട്രി, മിഡില്‍സ്ബറോ, ന്യൂഹാം തുടങ്ങിയ പട്ടണങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള മിഡില്‍സ്ബറോയില്‍ 2023 ല്‍ മാത്രം എത്തിയത് 6800 ല്‍ അധികം കുടിയേറ്റക്കാരായിരുന്നു. നിലവില്‍, മിഡിസ്ബറോയുടെ മൊത്തം ജനസംഖ്യയുടെ 4.4 ശതമാനം കുടിയേറ്റക്കാരാണ്. കവന്‍ട്രിയില്‍ ജനസംഖ്യയുടെ 4.3 ശതമാനവും ലണ്ടനിലെ ന്യൂഹാമില്‍ ഇത് 3.9 ശതമാനവുമാണ്.
രാജ്യത്ത് ജനസംഖ്യാ ആനുപാതികമായി ഏറ്റവും അധികം കുടിയേറ്റക്കാര്‍ എത്തുന്നത് മിഡില്‍സ്ബറോയിലാണ്. കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭിക്കും എന്നതാണ് ഇവിടെക്ക് ആളുകള്‍ കൂടുതലായി എത്താന്‍ കാരണമാകുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. എന്‍ എച്ച് എസ് സേവനം വൈകുന്നത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഇതുമൂലം തദ്ദേശവാസികള്‍ക്ക് ഉണ്ടാകുന്നു എന്നാണ് അവര്‍ പരാതിപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല