1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2024

സ്വന്തം ലേഖകൻ: ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. എന്നാല്‍ യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയായിരുന്നു എഡിന്‍ബറോയിലേത്.

ബ്ലാക്ക്പൂള്‍ കൗണ്‍സിലും ശക്തമായ കാറ്റിനെ തുടര്‍ന്ന് വെടിക്കെട്ട് പരിപാടി റദ്ദാക്കി. ലണ്ടനില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അറിയിച്ച ലണ്ടന്‍ സിറ്റി അധികൃതര്‍ പരിപാടി നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോകുമെന്നാണ് വ്യക്തമാക്കുന്നത്.

പൊതുസുരക്ഷയും, മോശം കാലാവസ്ഥയും പ്രതികൂലമായതോടെ ഔട്ട്‌ഡോര്‍ പരിപാടികള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ സ്ഥിരീകരിച്ചു. പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ച അധികൃതര്‍ ഇതിനായി യാത്ര ചെയ്‌തെത്തിയ അന്താരാഷ്ട്ര ടൂറിസ്റ്റുകളോട് ഖേദം പ്രകടിപ്പിച്ചു. എന്നിരുന്നാലും ഇന്‍ഡോര്‍ പരിപാടികള്‍ തീരുമാനിച്ചത് പ്രകാരം നടക്കും.

മോശം കാലാവസ്ഥ റോഡ്, റെയില്‍ വ്യോമ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞുമൂലം നിരവധി വിമാന സര്‍വീസുകളാണ് ഗാട്ട്വിക്ക്, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിന്നും കഴിഞ്ഞദിവസം റദ്ദാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.