സ്വന്തം ലേഖകൻ: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന് ഉപ ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി കൂടിയായ ഹാബെക്ക് പറഞ്ഞു.
നിയന്ത്രണങ്ങള്‍ തങ്ങളുടെ അധികാരത്തിന് യോജിക്കില്ലെന്ന് കരുതുന്നവരാണ് യൂറോപ്പ് ദുര്‍ബലമാകാന്‍ താത്പര്യപ്പെടുന്നതെന്നും യൂറോപ്പിനെ ദുര്‍ബലമാക്കുന്നവരെ ശക്തിപ്പെടുത്തുകയാണ് മസ്‌ക് ചെയ്യുന്നതെന്നും ഹാബെക് തന്റെ പുതുവത്സര പ്രസംഗത്തില്‍ പറഞ്ഞു.
വെല്‍റ്റ് ആം സോന്റാഗ് എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച മസ്കിന്‍റെ അഭിപ്രായങ്ങളാണ് വിവാദമായത്. അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടിയാണ് ജര്‍മനിയുടെ അവസാന പ്രതീക്ഷയെന്നായിരുന്നു പത്രത്തിന് നല്‍കിയ പ്രതികരണം. ഇത് വിവാദമായതിനെ തുടര്‍ന്ന് ലേഖനം തയ്യാറാക്കിയ കമന്ററി എഡിറ്റര്‍ക്ക് രാജിവെക്കേണ്ടി വരികയും ചെയ്തു.
കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഎഫ്ഡി കുടിയേറ്റക്കാരെ ജര്‍മനിയില്‍നിന്ന് കൂട്ടമായി നാടുകടത്തണമെന്ന നിലപാടുകാരാണ്. വിദേശത്ത് നിന്നുള്ള കുടിയേറ്റത്തെ, പ്രത്യേകിച്ചും മുസ്ലീം കുടിയേറ്റത്തെ, എഎഫ്ഡി എതിര്‍ക്കുന്നു. ഇതടക്കം തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവരാണ് ഇവർ. അഭിപ്രായ പ്രകടനത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നതെന്ന് ജര്‍മന്‍ ഭരണകൂടം തിങ്കളാഴ്ച ആരോപിച്ചിരുന്നു.
യുഎസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡൊണാള്‍ഡ് ട്രംപിന്റേയും പ്രചാരണത്തിന് 25 കോടിയിലേറെ ഡോളറാണ് മസ്‌ക് ചിലവഴിച്ചത്. ഇതിന് നന്ദിസൂചകമെന്നോണം ഭരണകൂടത്തിന്റെ ഉപദേശകരില്‍ ഒരാളായി ട്രംപ് മസ്‌കിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല