സ്വന്തം ലേഖകൻ: പാപ്പുവ ന്യൂഗിനിയെ പിടിച്ചുലച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ‘നരഭോജന’ വീഡിയോ. അമ്പും വില്ലും ധരിച്ചവര്‍ മനുഷ്യ ശരീരഭാഗങ്ങളുമായി നില്‍ക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. നരഭോജനത്തിന്റെ നടുക്കുന്ന ദൃശ്യമെന്ന് വിശേഷിപ്പിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റ് പ്രസിദ്ധീകരിച്ച ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്തു. വീഡിയോ ദൃശ്യത്തില്‍നിന്ന് പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.
എന്നാല്‍ യഥാര്‍ഥ വീഡിയോ ദൃശ്യത്തില്‍ ആളുകള്‍ മനുഷ്യ ശരീരഭാഗം ഭക്ഷിക്കുന്നതായി കാണുന്നില്ലെന്നും ഒരാള്‍ ശരീരഭാഗം നക്കുന്നതായി ആംഗ്യം
കാണിക്കുകയും മറ്റുള്ളവര്‍ അതുകണ്ട് ചിരിക്കുന്നതും മാത്രമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായതോടെ വിശദീകരണവുമായി രാജ്യത്തെ പോലീസ് വകുപ്പ് മന്ത്രി പീറ്റര്‍ സിയാമാലിലി രംഗത്തെത്തി. സഹോദരങ്ങളായ രണ്ടുപേര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
‘സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗ്രാമവാസികള്‍ പക്ഷംചേര്‍ന്നു. അതിനിടെ മൂത്ത സഹോദരനെ അനുജന്‍ കൊലപ്പെടുത്തി. ഈ സംഭവത്തിന്റെ പേരില്‍ രാജ്യത്തെയോ അവിടുത്തെ ജനങ്ങളെയോ മോശക്കാരായി ചിത്രീകരിക്കുന്നതില്‍കാര്യമില്ല. ഇത്തരം കിരാത നടപടികള്‍ സമൂഹത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്നതും രാജ്യത്തിന്റെ മൂല്യബോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ഒരുതരത്തിലും പൊറുക്കാനാകാത്തതാണ് – മന്ത്രി പ്രതികരിച്ചു.
ഒരാള്‍ കൊല്ലപ്പെട്ടുവെന്നത് വാസ്തവമാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ഒരുമാസം മുമ്പുള്ളതാണെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല