സ്വന്തം ലേഖകൻ: ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിരക്ക് പരിഷ്കരിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ. എല്ലാത്തരം വാഹനങ്ങൾക്കും പുതിയ നിരക്ക് ബാധകമാണ്. എന്നാൽ, ഫീസ് എത്രയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രകടനം വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഷാർജയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ കൗൺസിൽ അവലോകനം ചെയ്തു.
കൂടാതെ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, പുതിയ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല