സ്വന്തം ലേഖകൻ: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വീട്ടില്‍ നിന്നുള്ള ജോലി ഉള്‍പ്പെടെ റിമോര്‍ട്ട് വര്‍ക്ക് സമ്പ്രദായം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് യുഎഇയിലെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ ആഹ്വാനം ചെയ്തു.
ഇക്കാര്യത്തില്‍ മികച്ച നിയമം നിര്‍മാണത്തിനുള്ള തയ്യാറെടുപ്പിലാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദൂര ജോലി സമ്പ്രദായത്തിൻ്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിൻ്റെ ഭാഗമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി (പിഡബ്ല്യുസി) സഹകരിച്ച് മന്ത്രാലയം തയ്യാറാക്കിയ ധവളപത്രത്തില്‍ ഇതിൻ്റെ വലിയ സാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ കുറഞ്ഞ സമയം ചെലവഴിക്കുന്നതിലൂടെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത എങ്ങനെ വര്‍ദ്ധിക്കുന്നുവെന്ന് വൈറ്റ് പേപ്പര്‍ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയ്ക്കാനാവുമെന്ന് ‘മോര്‍ട്ട് വര്‍ക്ക് ഇന്‍ യുഎഇ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വൈറ്റ് പേപ്പറില്‍ പറയുന്നു.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വഴക്കമുള്ള ജോലി സമയവും വിദൂര ജോലി സമ്പ്രദായവും ഏര്‍പ്പെടുത്തിയ ദുബായ് അധികൃതരുടെ തീരുമാനം ഇക്കാര്യത്തില്‍ ഏറെ പ്രയോജനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇതുവഴി ദുബായിലുടനീളം രാവിലത്തെ യാത്രാ സമയം 30 ശതമാനം കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത രീതിയിലുള്ള കേന്ദ്രീകൃത ജോലിസ്ഥലവും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന രീതിയും മറ്റ് തരത്തിലുള്ള വിദൂര ജോലിയും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് വര്‍ക്ക് മോഡലാണ് യുഎഇ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. അത് ഉല്‍പ്പാദനക്ഷമത, തൊഴിലാളികളുടെ ക്ഷേമം, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സൗകര്യം തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും.
നിലവില്‍ കൂടുതല്‍ പ്രൊഫഷനലുകളും വിദൂര ജോലി രീതിയാണ് താല്പര്യപ്പെടുന്നതെന്ന് മാന്‍പവറിന്റെ ഗ്ലോബല്‍ ടാലൻ്റ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ 57 ശതമാനം കമ്പനികളും ഈ രീതിയിലേക്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 സമയത്ത് സ്വകാര്യമേഖല കമ്പനികള്‍ ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും, കൊവിഡിന് ശേഷം അവയില്‍ പലതും പഴയ രീതിയിലേക്ക് തിരിച്ചു പോയി. എന്നാല്‍ പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ റിമോര്‍ട്ട് വര്‍ക്ക് രീതിയിലേക്ക് അവ മാറുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല