1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2025

സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വ്യക്തത തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി.

25-ന് കേരളത്തിലെത്തുന്ന മെസി നവംബര്‍ രണ്ടുവരെ കേരളത്തില്‍ തുടരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ട് സൗഹൃദമത്സരങ്ങള്‍ക്കുപുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഫറോക്ക് ചെറുവണ്ണൂരില്‍ സ്വകാര്യചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതിന് പിന്നാലെ മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടി. മാധ്യമങ്ങളുടെ ചോദ്യത്തോട് ‘അതുനമുക്ക് പിന്നെ പറയാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിലേത് കുട്ടികളോട് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.

നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിച്ചു.

ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിച്ചിരുന്നു. 2022-ലെ ലോകകപ്പ് നേട്ടത്തിനുശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെ പരാമര്‍ശിച്ച് ആരാധകര്‍ക്ക് നന്ദിയറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.