സ്വന്തം ലേഖകൻ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിനുള്ള മത്സരത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍വംശജയും കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഈ രണ്ട് പദവികളിലേക്കും ഉയര്‍ന്നുകേട്ട പേരായിരുന്നു അനിതയുടേത്.
രാഷ്ട്രീയജീവിതത്തില്‍നിന്ന് പിന്‍വാങ്ങി, അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്നും അവര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രവേശനത്തിന് മുന്‍പ്, ടൊറന്റോ സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ആയിരുന്നു അനിത.
തമിഴ്‌നാട്ടില്‍നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വി.എ. സുന്ദരത്തിന്റെ മകന്‍ എസ്.വി. ആനന്ദിന്റെയും പഞ്ചാബുകാരിയായ സരോജ് രാമിന്റെയും മകളാണ് അനിത. ഡോക്ടര്‍ ദമ്പതികളായ ആനന്ദും സരോജും കാനഡയിലേക്ക് കുടിയേറുകയായിരുന്നു.
2019-ല്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗമായ അനിത, പബ്ലിക് സര്‍വീസ് ആന്‍ഡ് പ്രൊക്വയര്‍മെന്റ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. 2021-ല്‍ പ്രതിരോധമന്ത്രിയായി. 2024-ലാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല