സ്വന്തം ലേഖകൻ: ഇൻസ്റ്റഗ്രാമിലുള്ളവർ ഇനി ‘സാമ’യുമായി സംസാരിക്കാൻ ഒരുങ്ങിക്കോളൂ. ആഗോള തലത്തിലുള്ള ഖത്തർ എയർവേയ്സിന്റെ ഉപഭോക്താക്കൾക്ക് യാത്രകൾ ആസ്വാദ്യകരമാക്കാനുള്ള നുറുങ്ങുകൾ മുതൽ കാബിൻ ക്രൂ ജീവിതത്തെക്കുറിച്ചു വരെ സാമ പങ്കുവെയ്ക്കും.
https://www.instagram.com/samaonthemove എന്ന സാമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതിനകം രണ്ടായിരത്തിലധികം ഫോളവേഴ്സ് ആയി കഴിഞ്ഞു. ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർമിത ഡിജിറ്റൽ ഹ്യൂമൻ കാബിൻ ക്രൂ ആണ് സാമ. കമ്പനി ഉപഭോക്താക്കളുമായി സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനും സമൂഹമാധ്യമങ്ങളിലേക്ക് എത്തുന്ന ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ഹ്യൂമൻ കാബിൻ ക്രൂ എന്ന പേരും ഇനി സാമയ്ക്ക് സ്വന്തമാകും.
പുതിയ നഗരത്തിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ആകാശ യാത്രയിലെ ജീവിതം എന്നിവ പങ്കുവെയ്ക്കുക മാത്രമല്ല യാത്രകൾ പ്ലാൻ ചെയ്യാനും സാമ സഹായിക്കും. യാത്രാ സംബന്ധമായ ചോദ്യങ്ങൾക്കും സാമ ഉത്തരം നൽകും. പുതിയ സംസ്കാരങ്ങൾ അറിയാനും പ്രചോദനകരമായ പൈതൃകങ്ങൾ കണ്ടെത്താനുമെല്ലാമായി സാമയ്ക്ക് ധാരാളം ഫോളവേഴ്സ് ഉണ്ടാകുമെന്നതിൽ സംശയമില്ല.
മാനുഷിക ബന്ധത്തെ സാങ്കേതിക പുതുമകളുമായി കോർത്തിണക്കുകയാണ് സാമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ എയർവേയ്സിന്റെ മാർക്കറ്റിങ്, കോർപറേറ്റ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് ബാബർ റഹ്മാൻ വിശദമാക്കി. വെറുമൊരു ഡിജിറ്റൽ മനുഷ്യൻ എന്നതിനപ്പുറം ഭാവിയിലെ യാത്രകളെ നമ്മൾ എങ്ങനെ നോക്കികാണുന്നുവെന്നതിന്റെ പ്രതിഫലനമാണ് സാമയെന്നാണ് ബാബർ ചൂണ്ടിക്കാട്ടിയത്.
2024 ൽ ബർലിനിൽ നടന്ന ഐടിബിയിലാണ് ഖത്തർ എയർവേയ്സ് ലോകത്തിലെ ആദ്യത്തെ എഐ നിർമിത ഡിജിറ്റൽ മനുഷ്യനായ സാമയെ അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല