1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2025

സ്വന്തം ലേഖകൻ: ഖത്തർ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി മെഡിക്കൽ ചികിത്സ തേടേണ്ടി വന്നാൽ എന്തു ചെയ്യണം, ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ എന്തൊക്കെ വരും, സർക്കാർ ആശുപത്രികളിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമോ എന്നിങ്ങനെ അന്വേഷണങ്ങളും സംശയങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. അത്തരത്തിൽ ഒരു അടിയന്തര മെഡിക്കൽ സാഹചര്യം ഉണ്ടായാൽ എങ്ങനെ നേരിടണം, ആരെ സമീപിക്കണം, ഇൻഷുറൻസ് പരിധിയിൽ എന്തൊക്കെ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2023 ലാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

ഖത്തറിന്റെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസിന് പുറമെ സന്ദർശകന് സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസും എടുക്കാം. നിർബന്ധിത ഇൻഷുറൻസ് പരിധിയിൽ എമർജൻസി മെഡിക്കൽ സേവനങ്ങൾ മാത്രമാണ് ഉൾപ്പെടുന്നത്. അല്ലാത്ത ചികിത്സകൾക്ക് സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്താം.

സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് മാത്രമുള്ളവരെങ്കിൽ അടിയന്തര മെ‍ഡിക്കൽ ചികിത്സ വേണ്ടി വന്നാൽ സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ടി വരുമെന്നതിനാൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കണം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നു വേണം ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ. ഒരു മാസത്തേക്ക് 50 റിയാൽ മുതലുള്ള ഇൻഷുറൻസ് ലഭ്യമാണ്.

നിർബന്ധിത ഇൻഷുറൻസ് പരിധിയിൽ എന്തൊക്കെ?

1,50,000 റിയാലിന്റെ (ഏകദേശം 35,49,000 ഇന്ത്യൻ രൂപ) വരെ എമർജൻസി മെഡിക്കൽ ചികിത്സയും 35,000 റിയാലിന്റെ (8,28,100 രൂപ) വരെ എമർജൻസി മെഡിക്കൽ സഹായങ്ങളും ലഭിക്കും. ആംബുലൻസ് സേവനം, രോഗിയായ സന്ദർശകനെ സ്വദേശത്തേക്ക് എത്തിക്കൽ എന്നിവയാണ് മെഡിക്കൽ സഹായങ്ങളിൽ ഉൾപ്പെടുന്നത്. ഇതിനു പുറമെ 50,000 റിയാൽ (11,83,000 രൂപ) വരെയുള്ള കോവിഡ്–19 ചികിത്സയും ക്വാറന്റീനും ഉൾപ്പെടെയുളള സേവനങ്ങളും മരണം സംഭവിച്ചാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിന് 10,000 റിയാൽ (2,36,600 രൂപ) വരെയും ലഭിക്കും.

എമർജൻസി കണക്കാക്കുന്നത്?

ജീവന് ഭീഷണി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് എമർജൻസി മെഡിക്കൽ ചികിത്സാ വിഭാഗത്തിൽ ഉൾപ്പെടുന്നത്. സന്ദർശകന്റെ ആരോഗ്യാവസ്ഥ വിലയിരുത്തിയ ശേഷമാണ് മെഡിക്കൽ എമർജൻസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കുക. എമർജൻസി സേവനമെങ്കിൽ ഖത്തർ സർക്കാർ അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളാണെങ്കിൽ ബിൽ തുക കമ്പനിയിൽ നിന്ന് ആശുപത്രി അധികൃതർ നേരിട്ട് ഈടാക്കും. അല്ലാത്ത പക്ഷം സന്ദർശകർ സ്വന്തം കയ്യിൽ നിന്ന് പണം അടയ്ക്കണം. പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ ചികിത്സാ ബില്ലുകൾ ഹാജരാക്കി പണം തിരികെ വാങ്ങിക്കാം. ഇൻഷുറൻസ് പരിധിയിൽ കൂടുതൽ തുക ചികിത്സയ്ക്ക് വേണ്ടി വന്നാൽ അതും സന്ദർശകൻ സ്വന്തം കയ്യിൽ നിന്ന് നൽകണം. എമർജൻസി അല്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് സ്കീം പ്രയോജനപ്പെടുത്താം.

ഏതൊക്കെ ആശുപത്രികളിൽ?

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. സന്ദർ‍ശകർക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) എമർജൻസി സേവനങ്ങൾക്കായി ഇൻഷുറൻസ് ഉപയോഗിക്കാം. മറ്റ് അടിയന്തരമല്ലാത്ത ചികിത്സ പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും ലഭിക്കും. ഇതിനു പുറമെ സ്വകാര്യ മെഡിക്കൽ സെന്ററുകളിലും ചികിത്സ തേടാം.

മെഡിക്കൽ എമർ‌ജൻസി വന്നാൽ

ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ ഉടൻ എച്ച്എംസിയുടെ എമർജൻസി സേവനം തേടാം. 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസ് സഹായം ആവശ്യപ്പെടാം. എച്ച്എംസിയുടെ ഇൻഷുറൻസ് വിഭാഗം കൗണ്ടറിൽ ചെന്നാൽ സന്ദർശകന്റെ ഇൻഷുറൻസ് കമ്പനി രാജ്യത്ത് അംഗീകൃതമാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങളറിയാം. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്കീം എടുത്തവരും മെഡിക്കൽ എമർജൻസി സേവനങ്ങൾ ഉൾപ്പെടുന്ന സ്വകാര്യ മെഡിക്കൽ ആരോഗ്യ ഇൻഷുറൻസുള്ളവരുമെങ്കിൽ പരിധിയിൽ കൂടുതൽ തുക വരുന്നത് മാത്രം അടച്ചാൽ മതി. സ്കീമിൽ എമർജൻസി സേവനങ്ങൾ ഉൾപ്പെടാത്തവരെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ നൽകണം.

ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് എച്ച്എംസിയുടെ insurance@hamad.qa എന്ന ഇ–മെയിൽ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.