സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനയും മറ്റുമായി ബ്രിട്ടീഷ് സമ്പദ്ഘടനയെ തകര്‍ക്കുന്ന നയങ്ങളാണ് ബജറ്റിലുള്ളതെന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിനെതിരെ ആരോപണം ഉയരുമ്പോഴും ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം അവരുടെ ബാങ്ക് അക്കൗണ്ടില്‍ 2,700 പൗണ്ട് അധികമായെത്തും എന്ന സന്തോഷമാണ്. ബജറ്റില്‍ മിനിമം വേജസില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതോടെയാണിത്. വരുന്നഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരും. അന്തസ്സായ ഒരു ലിവിംഗ് വേജ് എന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്റെ സാക്ഷാത്ക്കാരമാണിതെന്നാണ് റെയച്ചല്‍ റീവ്‌സ് അവകാശപ്പെടുന്നത്.
ലോ പേ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പുതിയ നിരക്കുകള്‍ പ്രകാരം 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മണിക്കൂറില്‍ 12.21 പൗണ്ടായി മിനിമം വേതനം ഉയരും. നിലവില്‍ ഇത് 11.44 പൗണ്ടാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പൂര്‍ണ്ണ സമയം, അതായത് പ്രതിവാരം 37.5 മണിക്കൂര്‍ പണിയെടുക്കുന്നവര്‍ക്ക് അവരുടെ വാര്‍ഷിക വേതനം 22,308 പൗണ്ടില്‍ നിന്നും 23,809.50 പൗണ്ടായി ഉയരും. പ്രതിവര്‍ഷം 1,501.50 പൗണ്ടാണ് അധികമായി ലഭിക്കുക.
അതേസമയം 18 നും 20 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മണിക്കൂറില്‍ 8.60 പൗണ്ട് എന്നത് 16.3 ശതമാനം വര്‍ദ്ധിച്ച് 10 പൗണ്ട് ആകും. ഇതും ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍ വരിക. ഈ പ്രായ പരിധിയില്‍ പെട്ട, പൂര്‍ണ്ണ സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 19,500 പൗണ്ട് ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന 16,770 പൗണ്ടില്‍ നിന്നും 2,730 പൗണ്ടാണ് ഇവര്‍ക്ക് അധികമായി ലഭിക്കുക.
അപ്രന്റീസുകള്‍ക്കാണെങ്കില്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ വേതനം നിലവില്‍ മണിക്കൂറിന് 6.40 പൗണ്ട് എന്നത് 7.55 പൗണ്ട് ആയി ഉയരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇപ്പോള്‍ പ്രതിവര്‍ഷം 12,480 പൗണ്ട് ലഭിക്കുന്നവര്‍ക്ക് ഏപ്രിലിന് ശേഷം ലഭിക്കുക പ്രതിവര്‍ഷം 14,722.50 പൗണ്ട് ആയിരിക്കും. 2,242.50 പൗണ്ടാണ് ഇവര്‍ക്ക് അധികമായി ലഭിക്കുക. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന ഈ വര്‍ദ്ധനവിന്റെ ഗുണം 16 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല