1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2025

സ്വന്തം ലേഖകൻ: ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയാണ് ജയിൽ മോചനം. ബോബി ചെമ്മണ്ണൂരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് ഇന്ന് വിമർശിച്ചത്. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ആരാണെന്നും കോടതി ചോദിച്ചു.

മാധ്യമ ശ്രദ്ധയിലാണ് പ്രതിക്ക് താല്‍പര്യം. പ്രതി നിയമവ്യവസ്ഥക്ക് അതീതനല്ല. ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന് 12 മണിക്ക് മുന്‍പ് വിശദീകരണം നല്‍കണം. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും വ്യക്തമാക്കി. ഇന്നലെ ജാമ്യം അനുവദിച്ചിട്ടും ബോബി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അടിയന്തരമായി കേസ് പരിഗണിച്ചത്.

ഇന്നലെ ബോബിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്നത്. ഇന്ന് ജയിൽ മോചിതനായി പുറത്തെത്തിയ ബോബി ഇക്കാര്യം വീണ്ടും ആവർത്തിച്ചു. എന്നാൽ, ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നാണ് അഭിഭാഷകരുടെ വാദം.

ഇന്നലെ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും, നിര്‍ദേശം ലംഘിച്ചാല്‍ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും, ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

2024 ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് ബോബി ചെമ്മണ്ണൂരിനെതിരായ കേസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.