സ്വന്തം ലേഖകൻ: ദക്ഷിണകൊറിയയിൽ പുറത്താക്കപ്പെട്ട പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ. ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ വസതിയിലെത്തി. നേരത്തെ യുൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. സൂകിൻറെ വസതിയിലെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഡിസംബർ മൂന്നിലെ പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി.
പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണ കൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. പാർലമെൻറിൽ എംപിമാർ പ്രസിഡൻറിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോൾ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാർ എതിർത്തു. ഇതോടെ സൂക് യോളിന്റെ എല്ലാ പ്രസിഡൻഷ്യൽ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു.
ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. പട്ടാളനിയമം പ്രഖ്യാപിക്കാൻ പ്രസിഡൻ്റിന് ബുദ്ധി ഉപദേശിച്ച് കൊടുത്തത് അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ ആയിരുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ പാർലമെൻ്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡൻ്റ് നിർബന്ധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.
രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളിൽ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏർപ്പെടുത്തുന്നുവെന്നായിരുന്നു പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ട് യൂൻ സുക് യോൾ പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂനിന്റെ പീപ്പിൾസ് പവർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രസിഡൻ്റ് പട്ടാളഭരണം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല