സ്വന്തം ലേഖകൻ: കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി യുഎഇയില്‍ എത്തുന്നവര്‍ക്ക് എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സുകള്‍ക്കായി കാത്തുനില്‍ക്കാതെ സെക്കൻ്റുകള്‍ക്കകം രാജ്യത്ത് പ്രവേശിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡൻ്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). സന്ദര്‍ശകരുടെ യുഎഇ യാത്ര എളുപ്പമാക്കുന്നതിനായി അധികൃതര്‍ തയ്യാറാക്കിയ ‘യുഎഇ ഫാസ്റ്റ് ട്രാക്ക്’ എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യുഎഇയില്‍ എത്തുന്നതിനു മുമ്പ് തന്നെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
‘യുഎഇ ഫാസ്റ്റ് ട്രാക്ക്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രീ-രജിസ്ട്രേഷന് ചെയ്യുന്ന യാത്രക്കാര്‍ക്ക് കൗണ്ടറുകളില്‍ കാത്തിരിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഫെഡറല്‍ അതോറിറ്റി പുറത്തുവിട്ട ഒരു വീഡിയോ ക്ലിപ്പ് പറയുന്നു. ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ‘യുഎഇ ഫാസ്റ്റ് ട്രാക്ക്’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് യാത്രയുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്കി അപേക്ഷ സമര്‍പ്പിക്കാം.
മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് യാത്രക്കാരൻ്റെ വിരലടയാളം പകര്‍ത്തുന്നത് ഉള്‍പ്പെടെ നിരവധി നൂതന സംവിധാനങ്ങള്‍ അടങ്ങിയതാണ് ഈ ആപ്ലിക്കേഷന്‍. ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കര, കടല്‍, വ്യോമ മാര്‍ഗങ്ങളില്‍ ഏത് വഴിയാണ് യാത്രക്കാരന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം തുടക്കത്തില്‍ തന്നെ വ്യക്തമാക്കണം. ശേഷം അവര്‍ രാജ്യത്ത് പ്രവേശിക്കുന്ന തുറമുഖത്തിൻ്റെ പേരും എത്തിച്ചേരുന്ന തീയതിയും വ്യക്തമാക്കണം. തുടര്‍ന്ന്, ഉപയോക്താവ് സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് ആപ്പില്‍ അപ്ലോഡ് ചെയ്യണം. നല്ല രീതിയില്‍ വായിക്കാന്‍ കഴിയും വിധം വ്യക്തതയോടെയായിരിക്കണം ഡോക്യുമെൻ്റുകള്‍ സ്കാന്‍ ചെയ്യേണ്ടത്.
ഡോക്യുമെൻ്റുകള്‍ സ്കാന്‍ ചെയ്ത ശേഷം സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് മുഖചിത്രം പകര്‍ത്തുന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് വിരലടയാളങ്ങള്‍ പകര്‍ത്തണം. ഇതിനായി വലതു കൈയുടെ വിരലുകള്‍ ഒരേസമയം ക്യാമറയ്ക്ക് മുന്നില്‍ ഉചിതമായ രീതിയില്‍ വയ്ക്കുകയും വിരലടയാളങ്ങള്‍ മികച്ച നിലവാരത്തില്‍ പകര്‍ത്തുന്നതുവരെ അല്‍പ്പം കാത്തിരിക്കുകയും വേണം. തുടര്‍ന്ന് ഇതേരീതിയില്‍ ഇടതു കൈവിരലുകള്‍ പകര്‍ത്തണം.
ഈ പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇമെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, രാജ്യത്തിനുള്ളിലെ വിലാസം, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഇങ്ങനെ ആവശ്യമായ വിവരങ്ങള്‍ നല്കി പ്രീരജിസ്ട്രേഷന്‍ നല്കി അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് മറ്റു നടപടിക്രമങ്ങളൊന്നുമില്ലാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.
ഫിസിക്കല്‍ ബോര്‍ഡിങ് പാസുകളോ ഫിസിക്കല്‍ പാസ്പോര്ട്ടുകളോ കാണിക്കുന്നതിന് പകരം, യുഎഇ ഫാസ്റ്റ് ട്രാക്ക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് വിമാനത്താവളങ്ങളിലേത് ഉള്‍പ്പെടെയുള്ള ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റുകളിലൂടെ തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല