സ്വന്തം ലേഖകൻ: അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ടുണ്ട്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകി.
ലൊസാഞ്ചലസിലും സതേൺ കലിഫോർണിയ കൗണ്ടികളിലുമായി 8500 അഗ്നിശമന സേനാംഗങ്ങളാണു രക്ഷാദൗത്യത്തിലുള്ളത്. സാന്റ ക്ലാര നദീതടത്തിലെ ഉണക്കപ്പുൽമേടുകളിൽ പടരുന്ന തീ കാറ്റിൽ അടുത്ത പ്രദേശങ്ങളിലേക്ക് ആളിപ്പടർന്നേക്കുമെന്നതാണു വലിയ ഭീഷണി. ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീ അണച്ചു.
ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങൾ നശിച്ചു. തീ ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയ പാലിസെയ്ഡ്സിൽ 23,713 ഏക്കറാണു കത്തിയത്. ഈറ്റണിൽ 14,117 ഏക്കറും. തീപടർന്നതുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തിനിടെ കവർച്ചാശ്രമത്തിന് 9 പേരും അറസ്റ്റിലായി.
ലൊസാഞ്ചലസിലെ അസ്യുസയിൽ മരത്തിനു തീവയ്ക്കാൻ ശ്രമിച്ച ഒരാളും പിടിയിലായി. തീയണക്കാൻ ആവശ്യത്തിനു വെള്ളം നൽകാത്തതിന്റെ പേരിൽ ലൊസാഞ്ചലസ് ജലവകുപ്പിനെതിരെ നാട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തീപടരുമ്പോൾ ജലവകുപ്പിന്റെ സംഭരണിയിൽ വെള്ളമില്ലായിരുന്നു.
പ്രസിഡന്റ് ജോ ബൈഡൻ കലിഫോർണിയയ്ക്ക് അധിക ധനസഹായം പ്രഖ്യാപിച്ചു. ഡെമോക്രാറ്റുകൾ ഭരണത്തിലുള്ള കലിഫോർണിയയിൽ ദുരന്തനിവാരണ നടപടികളിൽ ഉദാസീനതയുണ്ടായെന്നാരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തിറങ്ങി. തിങ്കളാഴ്ച അധികാരമേറ്റതിനുശേഷം ഡോണൾഡ് ട്രംപ് ദുരന്തമേഖല സന്ദർശിച്ചേക്കും. ചില ബാങ്കുകൾ ഭവനവായ്പ തിരിച്ചടവുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല