സ്വന്തം ലേഖകൻ: തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇറ്റലിയും ജർമനിയും വിദേശീയർക്ക് കൂടുതൽ തൊഴിൽ വീസകൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. ജർമനി 22,422, ഇറ്റലി 10,000 വീസകളുമാണ് ഈ വർഷം ഇഷ്യൂ ചെയ്യുന്നത്.
തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും വീസ ക്വോട്ട ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
ജർമനിയിൽ 4 ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഒഴിവുകൾ നികത്താൻ ലക്ഷ്യമിട്ടാണ് തൊഴിൽ വീസകൾ 10 ശതമാനം കൂടി ഉയർത്തുന്നത്. 2023 ൽ ജർമനി 1,77,000, 2024 ൽ 20,0000 തൊഴിൽ വീസകളുമാണ് ഇഷ്യൂ ചെയ്തത്.
ഇറ്റലിയും 10,000 തൊഴിൽ വീസകൾ കൂടി പ്രഖ്യാപിച്ചത് തൊഴിൽ വിപണിയിലെ ആവശ്യകത നിറവേറ്റാൻ ലക്ഷ്യമിട്ടാണ്. 10,000 പുതിയ വീസകൾ കൂടി നൽകുന്നതോടെ ഈ വർഷം ഇറ്റലി ഇഷ്യൂ ചെയ്യുന്ന തൊഴിൽ വീസകളുടെ എണ്ണം 1,65,000 ആകും. ഈ വർഷം 93,550 സീസണൽ വർക്ക് വീസകൾ കൂടി ഇഷ്യൂ ചെയ്യാനുള്ള പദ്ധതിയിലാണ് ഇറ്റലി.
പ്രത്യേകിച്ചും കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കാണ് ഈ വീസകളെന്നാണ് വിവരം. ഇറ്റലിയിലേയ്ക്ക് കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിക്കാനുള്ള 3 വർഷത്തെ പദ്ധതിയുടെ ഭാഗമാണിത്. 2023 ൽ 1,36,000, 2024 ൽ 1,51,000 വീസകളുമാണ് ഇറ്റലി ഇഷ്യൂ ചെയ്തത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ടെങ്കിലും കൂടുതലായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ഇതു പരിഹരിക്കാന്‍ ശ്രമിക്കുന്നത് ജര്‍മനിയും ഇറ്റലിയുമാണ്. ഭാഷാ പരിജ്ഞാനത്തില്‍ കടുംപിടിത്തമില്ലാതെ തന്നെ ജര്‍മനിയില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന ഓപ്പര്‍ച്യൂണിറ്റി കാര്‍ഡും ജര്‍മനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല