സ്വന്തം ലേഖകൻ: പതിനഞ്ചു മാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കുമോ എന്ന് ആശങ്ക. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്മാറിയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്.
അതിനിടെ, 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായതിന് ശേഷം ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ധാരണയായിരുന്നു. യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസംമാത്രം ബാക്കിയുള്ളപ്പോഴായിരുന്നുഇത്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ മന്ത്രിസഭയില്‍ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിരുന്നത്. ഇതിനിടയിലാണ് വോട്ടെടുപ്പ് നീളുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഹമാസ് ധാരണകളില്‍നിന്ന് പിന്നോട്ട് പോകുകയും അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിക്കുകയും കരാറിനെ തടയുകയും ചെയ്യുന്നു’ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. കരാറിലെ എല്ലാകാര്യങ്ങളും ഹമാസ് അംഗീകരിച്ചതായി മധ്യസ്ഥര്‍ ഇസ്രായേലിനെ അറിയിക്കുന്നത് വരെ മന്ത്രിസഭ ചേരില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ പിന്നോട്ട്‌പോയെന്ന നെതന്യാഹുവിന്റെ ആരോപണം ഹമാസ് തള്ളി. മധ്യസ്ഥര്‍ ഇന്നലെ പ്രഖ്യാപിച്ച കരാര്‍പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് വിശദീകരിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍സമയത്ത് മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെ മോചിപ്പിച്ചിരുന്നു. ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 33 ബന്ദികളെ ആറാഴ്ചകൊണ്ട് ഹമാസ് ഇസ്രയേലിനു കൈമാറും. ഇതിനു പകരമായി ഇസ്രയേലിന്റെ തടവറയിലുള്ള രണ്ടായിരത്തോളം പലസ്തീന്‍കാരെ മോചിപ്പിക്കും തുടങ്ങിയ ധാരണകളായിരുന്നു വെടിനിര്‍ത്തല്‍ കരാറിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല