സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ വിവരം ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലിഖാന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. താരത്തെ ഐ.സി.യു.വിൽ നിന്ന് മാറ്റിയതായും ഡോക്ടർമാർ വ്യക്തമാക്കുന്നു.
സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. നിതിൻ നാരായൺ ഡാങ്കെ പറഞ്ഞു. സെയ്ഫിന് നന്നായി നടക്കാൻ കഴിയുന്നുണ്ട്. വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് അദ്ദേഹത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
മകനോടൊപ്പം സെയ്ഫ് ഒരു സിംഹത്തെപ്പോലെ നടന്നുവന്നതായി ലീലാവതി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി പറഞ്ഞു. ‘രക്തത്തിൽ കുളിച്ചാണ് ആശുപത്രിയിലെത്തിയത്. രണ്ട് മില്ലിമീറ്റർ കൂടെ ആഴത്തിൽ കത്തി ആഴ്ന്നിരുന്നെങ്കിൽ നടന് ഗുരുതരമായി പരിക്കേറ്റേനെ’, അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരൺ കെട്ടിടത്തിലെ നടന്റെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടർമാർ അറിയിച്ചിരുന്നു.
നടന് സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ മന്നത്ത് ബംഗ്ലാവില്‍ കയറാന്‍ ശ്രമിച്ചിരുന്നെങ്കിലും കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല