1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2025

സ്വന്തം ലേഖകൻ: അല്‍ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കാളി ബുഷ്‌റ ബീബിക്കും ശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. ഇമ്രാന്‍ ഖാനെ 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവും തടവ് ശിക്ഷയാണ് അഴിമതി വിരുദ്ധ കോടതി വിധിച്ചത്. ജഡ്ജ് നാസിര്‍ ജാവേദ് റാണയാണ് വിധി പ്രസ്താവിച്ചത്.

200ഓളം കേസുകള്‍ ചുമത്തപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയിലാണ്. എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുകയോ ആശ്വാസം തേടുകയോ ചെയ്യില്ലെന്ന് ശിക്ഷാ വിധിക്ക് ശേഷം കോടതിക്കുള്ളില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അധികാരത്തിലേക്ക് തിരികെ എത്താതിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇമ്രാന്‍ ഖാനെ നിശബ്ദനാക്കാനുള്ള സമ്മര്‍ദമാണ് ശിക്ഷാ വിധിയെന്ന് ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ കാരണങ്ങള്‍ പറഞ്ഞ് മൂന്ന് തവണ മാറ്റിവെച്ച വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. അതേസമയം അടുത്തിടെ ജാമ്യത്തിലിറങ്ങിയ ബുഷ്‌റ ബീബിയെ വിധിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാനും ബുഷ്‌റയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ 1554 രൂപയുടെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാകിസ്താനിലേക്ക് തിരിച്ചയച്ച 1554 കോടി രൂപ രൂപ ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.

രാജ്യത്തെ അധികാരികളെ പരസ്യമായി വിമര്‍ശിക്കുന്നതിലൂടെ 2022ല്‍ അധികാരത്തില്‍ നിന്നിറങ്ങിയിട്ടും വലിയ രീതിയിലുള്ള സ്വീകാര്യതയായിരുന്നു ഇമ്രാന്‍ ഖാന് ലഭിച്ചത്. നേരത്തെ നാല് കേസുകളില്‍ ഇമ്രാന് ശിക്ഷ ലഭിച്ചിരുന്നു. അതില്‍ രണ്ടെണ്ണം റദ്ദാക്കുകയും മറ്റ് രണ്ട് കേസുകള്‍ മരവിപ്പിക്കുകയും ചെയ്തു.

പക്ഷേ മറ്റ് കേസുകളില്‍ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇമ്രാന്‍ ഖാനെ തടങ്കല്‍ വെക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും മത്സരത്തില്‍ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഎന്‍ സമിതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.